കാലചക്രം ചെറുകഥ
(കളവൂര്‍ ചെംബാഴി രാമചന്ദ്രന്‍)
നൂറ്റാണ്ടുകള്‍ അന്തിയുറങ്ങുന്ന പഴയ പ്രതാപത്തിന്റെ സ്മാരകമായി തലയുയര്ത്തി നില്ക്കുന്ന മംഗലത്ത് തറവാട്.അകത്തു ജീര്ണ്ണിച്ച പട്ടികകളും കഴുക്കൊലുകളും താങ്ങിനിര്ത്തുന്ന
വേട്ടാളന്‍ കൂടുകള്‍.ഏതോ മരപ്പൊത്തുകളില്‍ ഒളിച്ചിരിക്കുന്ന കരിവണ്ടുകളുടെ മൂളല്‍ ആ കൊട്ടക്കൊത്തളങ്ങളില്‍ വിഷാദ രാഗമുണര്ത്തി.അത്രുത്തിയില്‍ ശത്രുവിനെ തടഞ്ഞു നിര്ത്താന്‍ വിരിമാറുയര്ത്തി നിന്നിരുന്ന ക൯മതിലുകള്ക്ക് രൂപഭേദം വന്നിരിക്കുന്നു.ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലൊച്ചകള്ക്കുവേണ്ടി കാത്തിരിക്കുന്ന കല്പ്പടവുകളില് കരിയിലകള്‍
മൂടികിടന്നിരുന്നു.
ഒരു കാലത്ത് ആ നാട്ടിലെ ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു മംഗലത്ത് തറവാട്.വലിയ കാരണവര്‍ കേളു നായര് ആ പൂമുഖത്ത് ഉലാത്തുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക ചന്തമായിരുന്നു.
കുടവയറിന്റെ മുകളില്‍ കയറ്റി ഉടുത്ത ഒറ്റമുണ്ടിന്റെ കോന്തല മുട്ടുവരെ ഞാന്നു കിടക്കും.തോളില്‍ ഒരീരെഴതോര്ത്തില്ലാതെ കാരണവര്‍ പുറത്തിറങ്ങാറില്ല.
അകത്തു മക്കളും മരുമക്കളും പേരക്കുട്ടികളുമായി നിറയെ അംഗങ്ങള്‍.അവരുടെ കോലാഹലങ്ങള്‍ പൂമുഖത്ത് എത്താറില്ല.
അതിരാവിലെ എഴുന്നേറ്റു കുളിച്ചു,ഈറനോടെ പരദേവതക്ക് വിളക്ക് കൊളുത്തുന്നത് ഒരു പതിവായിരുന്നു.നെറ്റിയില്‍ വിരലോളം
വണ്ണത്തില്‍ ഭസ്മക്കുറിയും നെറുകയില്‍ രാസ്നാദിപ്പൊടിയും തിരുമ്മി പൂമുഖത്ത് ഉലാത്തുമ്പോഴും കിഴക്ക് വെള്ള കീറിക്കാണില്ല.
ശാഖകളും ഉപശാഖകളും ഒട്ടനവധിയുന്ടെങ്കിലും എല്ലാവരെയും ഒരേപോലെ കാണാന്‍ കേളുനായര്ക്ക് അറിയാമായിരുന്നു.തികച്ചും
സംതൃപ്തമായ കുടുംബാംഗങ്ങള്‍.
എല്ലാകാര്യങ്ങള്ക്കും എന്തൊരു അടുക്കും ചിട്ടയുമായിരുന്നു കേളുനായര്ക്ക്.പൂമുഖത്ത് നിന്നുള്ള നിര്ദേശങ്ങള്‍ കേള്ക്കാന്‍ വാതിലിനു പിറകില്‍
ചെവി വട്ടം പിടിച്ചു നില്ക്കുന്നവര്‍ തമ്മില്‍ മത്സരമാണ്.
മംഗലത്ത് തറവാട്ടില്‍ ജോലിക്ക് വരാന്‍ താല്പര്യമായിരുന്നു നാട്ടുകാര്ക്ക്.വാരിക്കോരി കൊടുക്കുന്ന കാര്യത്തില്‍ കാരണവര്‍ ഒരിക്കലും പിശുക്ക്
കാണിച്ചിരുന്നില്ല.മൂന്നു പൂലും കൃഷി നടത്തിയിരുന്നു. നാട്ടുകാര്ക്ക് ഒരുത്സവത്തിന്റെ കാലമാണത്.ഒന്നും ആരോടും പറയേണ്ടതില്ല...എല്ലാം
സ്വന്തം കാര്യം പോലെ കണ്ടറിഞ്ഞു പ്രവര്ത്തിച്ചു കൊള്ളും.മംഗലത്തെ ഏതു കാര്യത്തിനും അവര്ക്ക് അത്രയ്ക്ക് ഉത്സാഹമായിരുന്നു.കൃഷി
ഇറക്കി കഴിഞ്ഞാല്‍ മറ്റൊരു കൊയ്ത്തു ഉത്സവത്തിന്റെ നാളുകള്ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്.മംഗലത്ത് തറവാട്ടിലെ നെല്ലറകളില്‍ നെല്ലുന്ടെങ്കില്‍
ആ ഗ്രാമത്തിലൊരാളും പട്ടിണി കിടക്കേണ്ടി വരില്ല.
കേളുനായരുടെ അനിയന്‍, ചേട്ടന്റെ ഭരണത്തില്‍ അത്രുപ്തനായിരുന്നു.അയാള്‍ക്ക് സ്വന്തം കുടുംബവും തന്നിഷ്ട്ടവുമായിരുന്നു എല്ലാറ്റിലും മുഖ്യം.ചേട്ടന്റെ
മുന്പില്‍ അയാള്‍ നാവടക്കി നിന്നെങ്കിലും അകത്തെ ചുമരുകളില്‍ വിള്ളലുകള്‍ സൃഷ്ട്ടിക്കാന്‍ ബോധപൂര്വ്വം ശ്രമിച്ചുകൊണ്ടിരുന്നു.ഒരിക്കല്‍ തന്റെ കൈകളില്‍
വന്നുചേരാനിരിക്കുന്ന കാരണവര്‍ സ്ഥാനത്തിനുവേണ്ടി അയാള്‍ നോമ്പും നോറ്റിരുന്നു.ചേട്ടന്റെ ആയുസ്സ് കുറഞ്ഞു കാണാന്‍ അനിയന്‍ മനസ്സാ ആഗ്രഹിച്ചു.
ഒടുവില്‍ അതും സംഭവിച്ചു.പൂരം പിറന്ന പുരുഷന്‍ പൂരം നാളില്‍ തന്നെ യാത്രയായി.പ്രത്യേകിച്ചു ഒരു അസുഖവും ഉണ്ടായിരുന്നില്ല.രാത്രി പതിവുപോലെ
ഉറങ്ങാന്‍ കിടന്നതായിരുന്നു.പുലര്ച്ചെ ഗോവണിപ്പടികളില്‍ കാലൊച്ച കേള്ക്കാതായപ്പോള്‍ ചാരിയിട്ട വടക്കേ അറയുടെ വാതിലുകള്ക്കിടയിലൂടെ അകത്തേക്ക് നോക്കിയ
ഉണ്ണിമായമ്മക്ക് പരിഭ്രമമായി.കേളുനായര്‍ കട്ടിലില്‍ നിന്നും താഴെ വീണു കിടക്കുന്നു.അകത്തു കടന്നു കുലുക്കി വിളിച്ചു...എല്ലാം കഴിഞ്ഞിരുന്നു. തൊട്ടടുത്തു വെച്ചിരുന്ന ജീരകവെള്ളം എടുത്തു കുടിച്ചിട്ടുണ്ട്.എല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു കാണും.വായു സ്തംഭനമായിരുന്നു എന്ന് ഗോവിന്ദന് വൈദ്യര് സ്ഥിരീകരിച്ചു.ഉറങ്ങി കിടക്കുകയാണെന്നെ തോന്നൂ.മുഖത്തെ പ്രസരിപ്പ്
തെല്ലും മാഞ്ഞിട്ടില്ല.കേട്ടവര്‍ കേട്ടവര്‍ ഓടി ക്കൂടുകയായിരുന്നു.ആ ഗ്രാമം മുഴുവന്‍ മംഗലത്ത് തറവാടിന്റെ മുറ്റത്തു വിതുമ്പിക്കൊണ്ടിരുന്നു.
പുറത്തു ദു:ഖവും ഉള്ളില്‍ സന്തോഷവുമായി അനന്തര ക്രിയകള്ക്കു വട്ടം കൂട്ടുകയായിരുന്നു അനിയന്‍ നായര്‍!
വേര്പാടിന്റെ വേദനയില്‍ ഉണ്ണിമായമ്മ ആകെ തളര്ന്നു കഴിഞ്ഞിരുന്നു.തെക്കേ തൊടിയിലെ കൂറ്റന്‍ മാവില്‍ ആഞ്ഞു വെട്ടുന്നതിന്റെ ശബ്ദം കേള്ക്കാതിരിക്കാന്‍ അവര്‍ ചെവികള്‍ അടച്ചു പിടിച്ചു.
രാത്രിയുടെ ഏതോ യാമത്തില്‍ കണ്ണ് തുറന്നപ്പോള്‍ തുറന്നു കിടക്കുന്ന ജനലില്ക്കൂടി പുറത്തു കത്തിക്കയറുന്ന തീ നാളങ്ങളുടെ താണ്ഡവ നൃത്തം....കണ്ണുകള്‍ ഇറുകെ അടച്ചു പ്രാര്തഥിച്ചു കിടന്നു.
കാലചക്രം കറങ്ങിക്കൊണ്ടിരുന്നു.അനിയന്‍ നായര് തറവാട്ടു കാരണവരായി സ്വയം അധികാരമേറ്റു.നിറപറയും, നിലവിളക്കും,അരിയിട്ടുവാഴ്ചയുമില്ലാതെ മംഗലത്ത് തറവാട്ടില്‍ പുതിയ
കാരണവര്‍ എകാതിപതിയായി വാണരുളി.അകത്തെ കല്ച്ചുമരുകളില്‍ തട്ടി മടങ്ങിപ്പോയിരുന്ന ശബ്ദകോലാഹലങ്ങള്‍ പൂമുഖത്ത് ഏറ്റുമുട്ടി.നാലുകെട്ടിന്റെ നടുമുറ്റത്തു വിദ്വേഷത്തിന്റെ
അഗ്നികുണ്ഡം കത്തി ജ്വലിച്ചു.ശാഖകളും ഉപശാഖകളും ഭാഗിച്ചു പിരിഞ്ഞു...ഭാഗക്കേസുകള്‍ കുടിപ്പകകള്ക്ക് ജന്മം നല്കി.പരദേവതയുടെ കല്വിളക്കില്‍ കരിന്തിരികത്തി.
മംഗലത്ത് തറവാട്ടില്‍ "റിസീവ൪ " കാരണവരായി.പൂമുഖത്തെ ഘനമുള്ള വാതിലുകളില്‍ കോടതി നോട്ടീസ് കതിര്ക്കുലകളായി!വേട്ടാളന്‍ കൂട്ടില്‍ അംഗങ്ങള്‍ പെരുകി.
ജീര്ണ്ണിച്ച മരക്കഷണങ്ങളില്‍ നിന്നും താഴെ വീണുകൊണ്ടിരുന്ന പൊടികള്‍ ഭഗവതീ പീഠത്തിനു മുന്പില്‍ ശ്രീചക്രം വരച്ചുകൊണ്ടിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ