എന്റെ കടിഞ്ഞൂല്‍ പ്രണയലേഖനം.
ആമുഖം-ജീവിതത്തില്‍ ഇന്നേവരെ ഒരു പ്രണയ ലേഖനം എഴുതാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല.മനസ്സുകൊണ്ട് പ്രേമിച്ചിട്ടുണ്ട് പലരെയും.
ഒത്തിരി സുന്ദരിമാരുള്ള ഒരു ഗ്രാമത്തിലായിരുന്നു ഞാന്‍ ജനിച്ചത്.ബാല്യം കൌമാരത്തിന് വഴിമാറിയപ്പോള്‍ മനസ്സ് പുതിയ മേച്ചില്പ്പുറങ്ങളില്
അലയാന്‍ തുടങ്ങി.അവിടെ ഗന്ധര്‍വ കന്യകളുടെ ലാസ്യ നൃത്തം.മനസ്സില്‍ സുന്ദരിമാരുടെ തിരുവാതിരകളി.അവരില്‍ ഞാന്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട
കുട്ടിക്ക് തന്നെ ഞാനീ പ്രണയലേഖനം സമര്പ്പിക്കുന്നു.
"കാണാമറയത്തെ എന്റെ പ്രണയിനിക്ക്"
എവിടെ തുടങ്ങണമെന്ന് അറിയില്ല.കാരണം ജീവിതത്തില്‍ ഞാന്‍ ആദ്യമായാണ് ഒരു കുട്ടിയെ സ്നേഹിക്കുന്നതും അവളെ ഹൃദയത്തില്‍ കുടിയിരുത്തുന്നതും.
എന്റെ ആത്മാര്ത്ത പ്രേമം ഈ ലേഖനത്തിലൂടെ നിന്നെ അറിയിക്കുമ്പോള്‍ നിനക്കറിയില്ല കുട്ടീ എന്റെ ഹൃദയ മിടിപ്പുകള്‍ കൂടുന്നതും...കയ്കള്‍ വിറക്കുന്നതും.
നമ്മള് ആദ്യം കണ്ടത് എന്നാണെന്ന് ഓര്മ്മയുണ്ടോ?(മറക്കാനിടയില്ലെന്നു മനസ്സ് പറയുന്നു) കുട്ടിയുടെ വീടിനടുത്തുള്ള അമ്പലത്തില്
"കളം പാട്ടിനു" വന്നപ്പോള്‍.ഏഴു ദിവസ്സത്തെ പാട്ട് കഴിഞ്ഞേ നമ്മള് മടങ്ങൂ എന്ന് ചെറിയമ്മ പറഞ്ഞപ്പോള്‍ ചറിയച്ചനും അത് സമ്മതമായിരുന്നു.അവിടെ വെച്ചാണല്ലോ
നമ്മള് ആദ്യം കാണുന്നത്.മുഖം തുടക്കാന്‍ തോര്ത്തുമായി വന്ന പാവാടക്കാരിയെ കണ്ടപ്പോള്‍ അത്ഭുതമായിരുന്നു.കയ്തപ്പൂവിന്റെ മണം പരിസരമാകെ നിറഞ്ഞു.
മുട്ടുവരെ നീണ്ടു കിടക്കുന്ന ഇടതൂര്ന്ന മുടിയുടെ ഭംഗിയാണോ,വശ്യമായ പുഞ്ചിരിയാണോ,കടഞ്ഞെടുത്ത മേനിയഴകാണോ,എന്നെ ആകര്ഷിച്ചതെന്നു ചോതിച്ചാല്‍...
ഞാന്‍ പറയും "ഇതെല്ലാം ചേര്ന്ന ഒരു രവിവര്മ്മ ചിത്രം പോലെ" ആയിരുന്നു നീയെന്നു. "രേണുക അസ്സലായി പാടു"മെന്നു ചെറിയമ്മ പറഞ്ഞപ്പോള്‍,"പൊന്നിങ്കുടത്തിനു
ഒരു പൊട്ടുകൂടി കുത്തിയ" ദൈവത്തിനു മനസ്സാ നന്ദി പറഞ്ഞു.
ആ ഏഴു ദിവസം എന്റെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളായിരുന്നു.(നിന്റെയോ കുട്ടീ?)വര്ഷങ്ങളായി പരിചയമുള്ളതുപോലെയായിരുന്നു നിന്റെ
പെരുമാറ്റം.പലപല പാട്ടുകള്‍ നീ പാടുമ്പോഴും അതെല്ലാം എനിക്ക് വേണ്ടി മാത്രമാണെന്ന് കരുതി സന്തോഷിക്കുകയായിരുന്നു ഞാന്‍.വീണ്ടും വീണ്ടും ആവര്ത്തിച്ചു
പാടിച്ച "കറുത്ത ചക്രവാള മതിലുകള്‍ ചൂഴും"ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്.പഠിച്ചു വലുതായി,ജോലികിട്ടി,വിവാഹിതനാവേണ്ടി വരുമ്പോള്‍
"ഇവളായിരിക്കും എന്റെ ജീവിത സഖി" എന്ന് മോഹിച്ചു കൊണ്ടാണ് തിരിച്ചു പോന്നത്.അന്ന് കയ് വീശി യാത്രയയച്ചു നീ മടങ്ങിയത് എന്റെ മനസ്സിന്റെ പടിപ്പുര
യിലേക്കായിരുന്നു.
ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ നിന്നെ കാണാനും,നിന്റെ പാട്ടുകള്‍ കേള്ക്കാനുമുളള അടങ്ങാത്ത അഭിനിവേശം.ഒരു കത്ത് എഴുതണമെന്നു മോഹിച്ചു.ഒന്നും നടന്നില്ല.
കാലം കുത്തിയോഴുകുകയായിരുന്നല്ലോ.നീ ബാങ്കളൂരില്‍ ബി.ഡി.എസ്സിന് ചേര്ന്നതായി ചെറിയമ്മ പറഞ്ഞു അറിഞ്ഞു.
മോഹങ്ങള്‍ കറുത്തചക്രവാളങ്ങള്ക്കിപ്പുറം രാഗങ്ങള്‍ മൂളുമ്പോള്‍ കാലം നമുക്കിടയില്‍ ഘനമുള്ള മതിലുകള്‍ തീര്‍ത്ത് കഴിഞ്ഞിരുന്നു.എങ്കിലും നീ എന്റെ മനസ്സിന്റെ
ശ്രീകോവിലില്‍ കുടിയിരിക്കുന്ന ദേവിയാണിന്നും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ