മാനസാന്തരം -കഥ
കളവൂര്‍ ചെമ്പാഴി രാമചന്ദ്രന്‍
അയാള്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു.....ജോലി കഴിഞ്ഞെത്തിയപ്പോള്‍ പതിവിലേറെ ക്ഷീണിതനായിരുന്നു.നേരത്തെ കോരിയെടുത്തു ബക്കറ്റില്‍ വെച്ചിരുന്ന തണുത്ത വെള്ളത്തില്‍ കുളിച്ചപ്പോള്‍ വലിയ ആശ്വാസം തോന്നി.ഫ്ലാസ്കില്‍ നിന്നും കട്ടന്‍ ചായ ഗ്ലാസ്സിലെക്കുപകര്ത്തി,അതുമായി അയാള്‍ പുറത്തെ അരമതിലില്‍ കയറി ഇരുന്നു.തൊട്ടു മുന്പിലുള്ള നാഷണല്‍ ഹൈവേയില്‍ ക്കൂടി ഭാരം കയറ്റിപോകുന്ന ലോറികള്‍ നിര നിരയായി നീങ്ങുന്നു.തമിള്‍ നാട്ടില്‍ പിറന്നു,കേരളീയര്ക്ക് ഭക്ഷണമാവാന്‍ വിധിക്കപ്പെട്ട
നാല്ക്കാലികള്‍ അയാള്ക്ക് മുന്പിലൂടെ യാത്ര തുടരുകയാണ്.എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ വെളിച്ചത്തില്‍ അവയുടെ കണ്ണുകളിലെ മരണഭീതി
അയാള്‍ വായിച്ചെടുത്തു.പിറകില്‍ സഡന്‍ ബ്രയ്ക് ഇട്ട ലോറിയിലെ തമിഴന്‍ കിളിയുടെ തകരത്തിലടിയും ആക്രോശവും അയാള്ക്ക് പുതുമയല്ലായിരുന്നു.അധികം ദൂരെയല്ലാതെ
റയില്പാളത്തിലൂടെ നീളന്‍ കംപാ൪ടുമെന്റുകളുമായി അയലന്റ്റ് എക്സ്പ്രസ് ചൂളം വിളിച്ചു പായുന്നു...സമയം ഇപ്പോള്‍ ഒരു മണിആയിക്കാണും.
അയാള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു കിടന്നെങ്കിലും ഉറക്കം അയലന്റ്റ് എക്സ്പ്രസില്‍ കയറിപ്പോയപോലെ....
മനസ്സ് അസ്വസ്ഥമായിരുന്നു.അതിരാവിലെ വീട്ടിലെത്തണം.നാളെയാണ് മകളുടെ ഓപ്പറേഷ൯.ഈ ചെറു പ്രായത്തില്‍ കുറെയേറെ വേദനകള്‍ സഹിച്ചതാണവള്...തുടര്ച്ചയായ മരുന്നുകള്‍ ഓപ്പറേഷ൯ ഒഴിവാക്കുമെന്ന് കരുതിയത് വെറുതെയായി.ഇനിയും വൈകിച്ചുകൂടെന്നു ഡോക്ടര്‍ ഓര്മ്മിപ്പിച്ചിരുന്നു.കമ്പനിയിലെ ചിട്ടി പിടിച്ച പണം അന്ന് വൈകീട്ടാണ് അയാള്ക്ക് കിട്ടിയത്.
അത്യാവശ്യമാണെന്ന് പറഞ്ഞപ്പോള്‍ പലരും കൂട്ടി വിളിക്കാതെ സഹകരിച്ചു. ഡോക്ടര്‍ പറഞ്ഞ സംഖ്യ മുഴുവനും ഇല്ല...പക്ഷെ അതിന്റെ പേരില്‍ ഓപ്പറേഷ൯ നടത്താതിരിക്കില്ല.
അയാള്‍ കൂരിരുട്ടില്‍ കണ്ണ് തുറന്നു കിടക്കുകയായിരുന്നു.പെട്ടെന്നാണ് മുറിയില്‍ ആരുടെയോ കാല്പ്പെരുമാറ്റം കേട്ടത്.ഇടത്തേ കൈ കൊണ്ട് മറച്ചുപിടിച്ച ടോര്ച്ചില് നിന്നും വിരലുകള്ക്കിടയിലൂടെ പുറത്തുചാടിയ അരണ്ട വെളിച്ചത്തിനുപിറകില് ഒത്ത പൊക്കമുള്ള ഒരാള്‍ പതിയെ നടന്നു വരുന്നതായി അയാള്‍ കണ്ടു.പുറത്തേക്കുള്ള വാതിലിനു മുന്പിലെത്തിയ ആ വെളിച്ചം തല്ക്കാലത്തേക്ക് അണഞ്ഞു.തന്നോടൊപ്പം മുറിയിലുള്ളത് ഒരു കള്ളനാണെന്ന് അയാള്ക്ക് ഉറപ്പായി.ചീറിപ്പാഞ്ഞുപോയ ഒരു ലോറിയുടെ ശബ്ദത്തില്‍ ലയിപ്പിച്ചു കള്ളന്‍ വാതിലിന്റെ സാക്ഷ നീക്കിയത് അയാള്‍ കേട്ടു.രക്ഷപ്പെടാനുള്ള മാര്ഗ്ഗം സുരക്ഷിതമാക്കിയ കള്ളന്‍ വീണ്ടും ടോര്ച്ചിലെ മൂടിയ വെളിച്ചവുമായി അയാളിലേക്ക് അടുക്കുകയാണ്.ഇപ്പോള്‍ അയാള്‍ ഉറക്കത്തിലെന്നപോലെ കണ്ണുകള്‍ അടച്ചു കിടന്നു.മുഖത്തു വട്ടം ചുറ്റിയ അരണ്ട വെളിച്ചത്തില്‍ അയാളുടെ അടഞ്ഞ കണ്ണുകള്‍ കണ്ടു കള്ളന്‍ മേശപ്പുറം ലക്ഷൃമാക്കി നീങ്ങുമ്പോള്‍ അയാള്‍ വീണ്ടും കണ്ണുകള്‍ തുറന്നു.ഇപ്പോള്‍ അയാളില്‍ നേരിയ പരിഭ്രമം വന്നു തുടങ്ങി.ചിട്ടിപിടിച്ച പണം മേശപ്പുറത്തെ തടിച്ച പുസ്തകത്തിനുള്ളില്‍ കയറ്റി വെച്ചത് കള്ളനു എളുപ്പത്തില്‍ കണ്ടു പിടിക്കാം.കവര്‍ കയ്യിലെടുത്തു പുറത്തേക്കുള്ള വാതില്‍ വഴി രക്ഷപ്പെടാന്‍ ഇനി അധികം സമയം വേണ്ട.
അയാള്‍ കിടന്നുകൊണ്ടുതന്നെ തൂങ്ങി കിടക്കുന്ന ബഡ്റൂം ലാമ്പിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി.അപ്രതീക്ഷിതമായി മുറിയില്‍ വെളിച്ചം പരന്നപ്പോള്‍ കള്ളന്‍ ഞെട്ടി തിരിഞ്ഞു അയാളെ നോക്കി.തെല്ലും കൂസ്സലില്ലാത്ത മുഖഭാവത്തോടെകട്ടിലില് എഴുന്നേറ്റിരുന്നു അയാള്‍ കള്ളനെ നോക്കി ചിരിച്ചു.തുടര്ന്ന് ചോദിച്ചു"ഹല്ലോ....ഇതെങ്ങിനെ അകത്തു കയറി?
അല്പ്പം ചമ്മലോടെ കള്ളന്‍ മറുപടി പറഞ്ഞു"നിങ്ങള്‍ കുളിക്കാന്‍ പോയില്ലേ ....അപ്പഴാ"
അയാള്‍ വീണ്ടും ചോതിച്ചു"ഇതെന്താ ഉദ്ദേശം...വാതിലിന്റെ സാക്ഷയെല്ലാം തുറന്നു വെച്ച്?സ്ഥിരം ഈ പരിപാടിയാണോ ?
അത്യാവശ്യത്തിനേ ലോഡ്ജുകളില്‍ കയറാറുളളു...ഇതിപ്പോ തീരെ ഉദ്ദേശിച്ചതല്ല...പിറകിലെ വാതില്‍ തുറന്നു കിടന്നത് കണ്ടപ്പോള്‍ കയറിയതാ'' കള്ളന്‍ മറുപടി പറഞ്ഞു.
അയാള്‍ എഴുന്നേറ്റ് മേശപ്പുറത്തെ പുസ്തകത്തില്‍ നിന്നും കവറെടുത്ത് നീട്ടികൊണ്ട് പറഞ്ഞു''നാളെ എന്റെ മോളുടെ ഓപ്പറേഷ൯ ആണ്...അതിനു പതിനായിരം രൂപ വേണം...ഇതില്‍ എണ്ണായിരമേയുളളു.നിങ്ങളുടെ ആവശ്യം ഇതിലും വലുതാണെങ്കില്‍ ഇതെടുത്തോളു.
കള്ളന്റെ മനസ്സലിഞ്ഞു..."അപ്പോള്‍ രണ്ടായിരത്തിന്റെ കുറവുണ്ടല്ലേ...സാരമില്ല...നിങ്ങള്‍ സുഖമായി ഉറങ്ങണം...പക്ഷെ വാതില്‍ സാക്ഷയിടരുത്"
കള്ളന്‍ വാതില്‍ തുറന്നു റോഡിലെക്കിറങ്ങി.അയാള്‍ ലൈറ്റ് അണച്ച് കിടന്നു.
കാലത്ത് എഴുന്നേറ്റപ്പോള്‍ മേശപ്പുറത്തു ഒരു കുറിപ്പുണ്ടായിരുന്നു."സുഹൃത്തെ...ഞാനീ തൊഴില്‍ നിര്‍ത്തി...ഇതുവരെയുള്ള എല്ലാ തെറ്റുകള്ക്കും ഞാന്‍ പ്രായശ്ചിത്തം ചെയ്യുകയാണ്....കവറില്‍ പതിനായിരം തികച്ചുണ്ട്....അങ്ങയുടെ മകള്‍ വേഗം സുഖം പ്രാപിക്കട്ടെ....''
കള്ളനോട് അയാള്ക്ക് ബഹുമാനം തോന്നി.... മറക്കാനാവാത്ത കടപ്പാടും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ