2012 ജൂൺ 2, ശനിയാഴ്‌ച

കുറിക്കല്യാണം-നര്‍മ്മഭാവന-
കല്യാണക്കുറി എന്ന് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല.എന്നാല്‍ കുറിക്കല്യാണം എന്നത് മലബാറുകാരുടെ ഒരിനമാണ്‌.ഇത് വ്യക്തമാക്കുന്നതിന്നുമുന്പു കല്യാണത്തെക്കുറിച്ചു തന്നെ അല്‍പ്പം പറയാം.കേള്‍ക്കാന്‍ സുഖമുള്ള ഒരു വാക്കാണ്‌ കല്യാണം.ഈ വാക്കിന്‍റെ ബലത്തില്‍ മറ്റനേകം ബന്ധുക്കളും വിലസുന്നുണ്ട്."കല്യാണരാമന്‍"
ീവിതത്തില്‍ ഒരിക്കല്‍പോലും കല്യാണം കഴിച്ചിട്ടില്ലാത്ത
ഒരു രാമനെ എനിക്ക് നേരിട്ട് അറിയാം.നൂറുകണക്കിന് പെണ്‍കുട്ടികളെ അയാള്‍ പെണ്ണ് കാണല്‍ നടത്തിയിട്ടുണ്ടത്രേ.കല്യാണം കഴിക്കുന്നതിലും ഭേദം പെണ്ണ് കണ്ടു നടക്കുന്നതാണെന്ന് കക്ഷി തീരുമാനിച്ചുറപ്പിച്ചുരുന്നു .കേട്ടികഴിഞ്ഞാല്‍ പിന്നെ അതിനുള്ള അവസരം എന്നെന്നേക്കുമായി നഷ്ട്ടപ്പെടുമല്ലോ.

സാമാന്യം കൃഷി ഒക്കെയുള്ള കുടുംബത്തിലെയായിരുന്നു രാമന്‍. ഉദ്യോഗമില്ലാതിരുന്നതുകൊണ്ട് പെണ്ണുകാണാന്‍ ലീവെടുത്ത് നടക്കേണ്ട ഗതികേടും ഉണ്ടായിരുന്നില്ല.ദല്ലാള്‍ മാരുടെ ഒഴിവനുസരിച്ച് ആഴ്ചയിലെ ഏതു ദിവസ്സവും രാമന്‍ റഡിയായിരുന്നു.എങ്കിലും ഉദ്യോഗമുള്ള ദല്ലാള്‍ മാരുടെയും കയറിച്ചെല്ലുന്ന വീട്ടുകാരുടെയും സൗകര്യം നോക്കി പല ഞായറാഴ്ച്ചകളിലും രാമന് യാത്ര വേണ്ടി വന്നിട്ടുണ്ട്.എല്ലാം ഒത്തു വന്നാലും ഓരോ ആലോചനകളും "ടെക്നിക്കല്‍ റീസണ്‍"പറഞ്ഞു ഒഴിവാക്കാന്‍ അയാള്‍ പല ഉപായങ്ങള്‍ കണ്ടെത്തി."കുട്ടിക്ക് പൊക്കം നന്നേ കുറവാ","പെണ്ണിന് കളറുപോര", "മുടി കുതിരവാലുപോലെ ഇച്ചിരിയെയുളളു","കാണാന്‍ കുഴപ്പമില്ല,പക്ഷെ ചിരിച്ചാല്‍ പോയി,പല്ലിനു ഭയങ്കര ഗ്യാപ്പാ",എന്ന് തുടങ്ങി ഇല്ലാത്ത വൈകല്യങ്ങള്‍ നിരത്തി അയാള്‍ തടി ഊരും.അങ്ങിനെ വര്‍ഷങ്ങളോളം പെന്നുകണ്ട് നടന്നപ്പോ നാട്ടുകാരിട്ട പേരാ"കല്യാണരാമന്‍".
ഒരിക്കലും കല്യാണം കഴിക്കാന്‍ ഉദ്ധേശിച്ചിട്ടില്ലാത്ത രാമനെക്കുറിച്ച് ഇനിയും പറഞ്ഞു സമയം കളയുന്നില്ല.കല്യാണത്തിന്റെ മറ്റു ബന്ധുക്കളെ ഓര്‍മ്മിക്കുന്നതിന്നുമുന്പു മനസ്സില്‍ ഓടിക്കയറി കുടിയിരിക്കുന്ന മറ്റൊരു പെണ്ണുകാണല്‍ ചടങ്ങിനെക്കുറിച്ചുകൂടി പറഞ്ഞോട്ടെ.അതും എന്റെ ഒരു സുഹൃത്തുതന്നെ.ദല്ലാള്‍ ഒഴിവുനോക്കിവന്ന ദിവസ്സങ്ങളിലൊന്നും പോകാന്‍ സാധിക്കാതെ ഒടുവില്‍ ഒരു ഞായറാഴ്ച ദല്ലാളിന്റെ വീട്ടില്‍ ചെന്ന് പുള്ളിയേയും വിളിച്ചു കോട്ടയത്ത് പെണ്ണുകാണാന്‍ പോയി.ബസ്സിറങ്ങി പഞ്ചായത്തുറോഡുവഴി രണ്ടു കിലോമീറ്റര്‍ നടന്നിട്ടും വീടെത്താതെ "ഇത്ര ദൂരത്താണോ പെണ്ണ് പോയി താമസ്സിക്കുന്നത്‌,ഇത് നടന്നാല്‍ തന്നെ ദൂരം ഒരു പ്രശ്നമാകും"എന്ന സുഹൃത്തിന്‍റെ പരാതിക്ക് ,'അടുത്ത വളവു" ,"അടുത്ത തിരിവ്"എന്ന് പറഞ്ഞു പല പല വളവുകള്‍,തിരിവുകള്‍ താണ്ടുന്നതിനിടയില്‍ അത് വഴി വന്ന ഒരു കാര്‍ തെറിപ്പിച്ച ചെളിവെള്ളം മുണ്ടിലും ഷര്‍ട്ടിലും വീഴ്ത്തിയ പാടുകള്‍ കഴുകിക്കളയാന്‍ പൈപ്പ് അന്വേഷിക്കുകയായിരുന്നു സുഹൃത്ത്.
നനഞ്ഞ മുണ്ടും ,ഷര്‍ട്ടും ഉണങ്ങാനുള്ള സമയം കൂടി കിട്ടാവുന്ന ദൂരത്തിലായാല്‍ മതിയായിരുന്നു പെണ്ണിന്‍റെ വീട് ‍എന്ന് മനസ്സില്‍ ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്കും "ദാ, ആ കാറ് കിടക്കുന്ന വീടാ"എന്നാ ദല്ലാളിന്റെ പറച്ചിലിന് "പെണ്ണിന്‍റെ തന്തക്കു ഒരു നാല് വളവുകൂടി കഴിഞ്ഞു വീട് വെച്ചാല്‍ മതിയായിരുന്നില്ലേ"എന്ന് തിരിച്ചു ചോദിക്കാതെ"ഓ..പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് കാറുണ്ടല്ലേ ,അപ്പോള്‍ ദൂരം ഒരു പ്രശ്നമേയല്ല"എന്നായി സുഹൃത്ത്.പക്ഷെ അടുത്തെത്തിയപ്പോഴാണ്‌ ചളി തെറിപ്പിച്ച കാറാണതെന്നു മനസ്സിലായത്‌.നേരത്തെ ഡ്രൈവറോട് തോന്നിയ ദേഷ്യം പെട്ടെന്ന് ഇല്ലാതായി."കല്യാണം കഴിഞ്ഞാല്‍ ഇവനായിരിക്കും
സ്ഥിരമായി കാര്‍ ഓടിക്കുക"എന്ന ചിന്തയും മനസ്സില്‍ ചേക്കേറി.
വീട്ടില്‍ എത്തിയപ്പോള്‍ അതിഥികളായി മുന്ന് പേര്‍ ഇരിക്കുന്നു.അവരില്‍ ഒരാളുടെ അലക്കിതേച്ച മുണ്ടും ഷര്‍ട്ടും കണ്ടപ്പോള്‍"ഇതാ മറ്റൊരു സ്ഥാനാര്‍തഥി വരന്‍"എന്ന് പെട്ടെന്ന് പിടികിട്ടി.ഒരേ സമയത്തുള്ള രണ്ടു വരന്മാരുടെ വരവ് മുന്‍കൂട്ടി അറിയാത്തതുകൊണ്ട് "ഒരു സ്വയംവര സീന്‍"ഒഴിവാക്കാന്‍ സാധിക്കാത്ത ചമ്മലോടെ പെണ്ണി‍ന്റച്ഛന്‍ അകത്തേക്ക് വലിഞ്ഞപ്പോള്‍ കിട്ടിയ സന്ദര്‍ഭം മുതലെടുത്ത്‌ എന്റെ സുഹൃത്ത്,പകച്ചിരിക്കുന്ന ഒന്നാം സ്ഥാനാ൪തഥിയോടു പറഞ്ഞു"നല്ല പാര്‍ട്ടിയാ ....ഇതിനാണല്ലേ എന്റെ മേല്‍ ചെളിതെറിപ്പിച്ചു ഓടിക്കിതച്ചു വന്നത്?ഞാനും ഒരു കാന്റിഡേററാ ...എനിക്കല്‍പ്പം ധൃതിയുണ്ട് ..ഞാനാദ്യം കാണാം"അപ്പോഴേക്കും വാതില്ക്കലെത്തിയ അച്ഛന്റെ കൂടെ അകത്തു കയറിയ സുഹൃത്ത് രണ്ടു മിനുട്ട് കൊണ്ട് "ചടങ്ങ് "കഴിച്ചു പുറത്തു വന്നു മറ്റേ സ്ഥാനാര്‍ഥിയുടെ ചെവിയില്‍ പറഞ്ഞു"താനെടുത്തോ"
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയത്ത് ഭാര്യാ സമേതം ഒരു കല്യാണത്തിനു പങ്കെടുത്തു മടങ്ങുന്നതിനു മുന്‍പ് "അഭിലാഷ്" തിയറ്ററില്‍ ടിക്കറ്റിനു ക്യു നില്‍ക്കുമ്പോള്‍ .പഴയ കഥാനായകനെയും നായികയെയും കണ്ടെന്നും "ഓര്‍മ്മയുണ്ടോ ഈ മുഖം"എന്ന് ഭാര്യയോ ടും,"താന്‍ തന്നെ കെട്ടിയല്ലേ" എന്ന് ഭര്‍ത്താവിനോടും ചോദിച്ചതായി സുഹൃത്ത് പറഞ്ഞത്,ഞാന്‍ പിന്നീട് പല വേദികളിലും പറഞ്ഞു കൊഴുപ്പിച്ചിട്ടുണ്ട്.

 കല്യാണരാമനെ നമ്മള്‍ നേരത്തെതന്നെ മൊഴി ചൊല്ലിയല്ലോ.ഇനി വേറെ ചിലരുണ്ട് കല്യാണത്തെ കെട്ടിപ്പിടിച്ചു നടക്കുന്നവര്‍."കല്യാണപ്പാ൪ട്ടി
",'കല്യാണ വണ്ടി''കല്യാണ വീട്',കല്യാണ സദ്യ',കല്യാണഫോട്ടോ' എന്നിങ്ങനെ.മുംബെയില്‍ ഒരു റയില്‍വേ സ്റ്റേഷന്‍ പോലുമുണ്ട് -"കല്യാണ്‍''
ഇനിയൊന്നു കല്യാണക്കുറി.കാലാനുസൃതമായ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കല്യാണക്കുറി.പണ്ട് ഒരു കാര്‍ഡില്‍ അച്ചടിച്ചിരുന്നത്, പിന്നീട് ഇ൯ലന്ടിലും കവറിലുമായി.കുറിയുടെ നിറവും വലിപ്പവും ആകൃതിയും മാറി.(ആലില,ചെമ്പില,പ്ലാവില,വാഴയില പരുവത്തിലും ഇറങ്ങുന്നുണ്ട്.ചാലക്കുടിയില്‍ ഈ അടുത്തകാലത്ത് ഒരു ഇലക്ട്രോണിക്സ് ഡിസ്പ്ലേ കാര്‍ഡിലാണ് വിവരങ്ങള്‍ കൊടുത്തിരുന്നത്.മുഹുര്‍ത്ത സമയത്ത് കൃത്യമായി അലാറം അടിച്ച്ചുവത്രേ).ഉത്സവക്കാലത്ത് അമ്പലങ്ങളിലെ പരിപാടികള്‍ പോലെ"ലീഫ് ലറ്റ്' മോഡലും ഇറങ്ങി തുടങ്ങി.ഓരോ പേജും സ്പോണ്സര്‍ ചെയ്തിരിക്കുന്നത് പല തരം വന്‍കിട ബിസിനസ്സുകാരാണ്.വധൂവരന്മാരുടെ ഡ്രസ്സ് സ്പോണ്സര്‍ ചെയ്തിരിക്കുന്നത് പ്രമുഖ ജൌളി കടക്കാര്‍.ആഭരണം മേടിച്ച സ്വ൪ണ്ണകടക്കാരുടെ വക
ഒരു പേജ്,സ്ടുഡിയോക്കാര്‍,മാലയും ബൊക്കെയും വില്‍ക്കുന്ന പൂക്കടക്കാര്‍,പെണ്ണിന് ചെരുപ്പ് ഫ്രീ ആയി കൊടുത്ത ചെരുപ്പുകടക്കാര്‍,സദ്യ ഏല്‍പ്പിച്ച ഹോട്ടലുകാര്‍ തുടങ്ങി ചെക്കനും പെണ്ണിനും ഒരു വര്‍ഷം കുളിക്കാനുള്ള സോപ്പ്
കൊടുത്തവരുടെ പരസ്യം ഉള്‍പ്പെടെ മൊത്തം പേജു പത്ത്‌.ഇതിനു പുറമേ ഒരാഴ്ച്ച തുടര്‍ച്ചയായി എല്ലാ പ്രമുഖ പത്രങ്ങളിലും പരസ്യം."ഒളിമ്പിക്സ്'വാര്‍ത്ത പോലെ കൌണ്ട് ഡൌണ്‍ മോഡലില്‍,ചെക്കന്റെയും,പെണ്ണിന്റെയും
ഫോട്ടോ ഉള്‍പ്പെടെ,"മണ്ഡപത്തിലേക്ക് ഇനി വെറും ഏഴു ദിവസ്സം,ആറ് ദിവസ്സം, അഞ്ച്,നാല്,മൂന്നു,രണ്ട്‌...നാളെയാണ് നാളെ ...ഇത് കൂടാതെ ഇമെയില്‍ വഴിയുള്ള ക്ഷണം വേറെയും.
ഇതൊന്നുമല്ലാത്ത മറ്റൊരു സംഭവത്തെ ക്കുറിച്ചാണ് ഇനി പറയാനുള്ളത്.കഴിഞ്ഞ വര്‍ഷം ലീവില്‍ പോയപ്പോള്‍ "കൊയിലാണ്ടി"യില്‍ ഒരു കല്യാണത്തിനു പങ്കെടുക്കേണ്ടിവന്നു.ദൂരക്കൂടുതല്‍ ഉള്ളതുകൊണ്ട് തലേ ദിവസ്സം തന്നെ ഞാന്‍ വധൂഗൃഹത്തിലെത്തി.അവിടെ പന്തലിനു പുറത്തു എഴുതി ഒട്ടിച്ച ഒരു നോട്ടീസ്സാണ് എന്നെ വല്ലാതെ ആകര്‍ഷിച്ചത്.നാട്ടില്‍ യുവജനോല്സവങ്ങള്‍ക്കും
,അമ്പലത്തിലെ ഉത്സവങ്ങള്‍ക്കും,പാര്‍ട്ടി വാ൪ഷികങ്ങള്‍ക്കും മറ്റും തെയ്യാറാക്കുന്നതുപോലുള്ള ഒരു പ്രോഗ്രാം നോട്ടീസ്.
അതിന്‍റെ തുടക്കം ഇങ്ങനെ "കല്യാണ ഉത്സവം"തലേദിവസ്സത്തെ പരിപാടികള്‍.
കാലത്ത് പത്തിനും പതിനൊന്നിനും ഇടയില്‍ "പന്തലിന്‍റെ കാല്‍നാട്ടു കര്‍മ്മം" (വീട്ടിലെ കാരണവര്‍)തുടര്‍ന്ന് പന്തല്‍ പണി ആരംഭം
ഒന്നേ മുപ്പതു മുതല്‍-രണ്ടേ മുപ്പതു വരെ "ഉച്ച ഭക്ഷണം" . രണ്ടേ മുപ്പതു മുതല്‍ മൂന്നു മണി വരെ "വിശ്രമം"
വൈകീട്ട് മൂന്നുമുതല്‍ നാല് വരെ "പാത്രം വരവ് "
നാല് മുതല്‍ അ൯ചു വരെ "പാത്രം കഴുകല്‍.
അ൯ചു മുതല്‍ അ൯ചേ മുപ്പതുവരെ 'കാലിച്ചായ വിതരണം"
‍അ൯ചേ മുപ്പതു മുതല്‍ "വനിതാവേദി"(അരി അളവ്,കല്ല്‌ പെറുക്കല്‍,പരദൂഷണം,മസാല വറുക്കല്‍,പൊടിക്കല്‍(തുമ്മരുത്) എന്നിവ
രാത്രി പത്ത്‌ മുതല്‍ പതിനൊന്നു വരെ 'അത്താഴം വിളമ്പല്‍,വയറുനിറക്കല്‍,(വാട്ടിസു അടിക്കുന്നവര്‍ക്ക് പുറത്തു പോകാവുന്നതാണ്)
പതിനൊന്നു മുതല്‍ പതിനൊന്നു മുപ്പതുവരെ 'മുറുക്ക്,പൊടിവലി,ബീഡിവലി ഇനങ്ങള്‍ (തീ പിടിച്ചാല്‍ സ്വന്തം ചിലവില്‍ കേടുത്തെണ്ടതാണ്)
പതിനൊന്നു മുപ്പതു മുതല്‍ "പച്ചക്കറി അരിയല്‍,തേങ്ങ ചിരകല്‍,ബാക്കി ഇടി,പൊടി,ഇനം
പുലര്‍ച്ചെ മൂന്നുമുതല്‍ അല്‍പനേരം "മൂരിനിവര്‍ക്കല്‍ '(ഉറങ്ങാന്‍ പാടില്ല) (മൂത്ര ശങ്കക്ക് പുറത്തു സൌകര്യമുണ്ട്)
നാല് മുതല്‍ നാലര വരെ "ചുക്ക് കാപ്പി വിതരണം"
അ൯ചുമുതല്‍ "പാചകമേള'(അരിശ്രീ കിട്ടുണ്ണി &പാര്‍ട്ടി )ഇടയ്ക്കിടയ്ക്ക് മൂടിവെക്കല്‍(തെയ്യാറായവ മാത്രം) ‍ ഇടവേളകളില്‍ ഇല തുടക്കല്‍(കീറാതെ നോക്കണം)
 വിവാഹദിനപ്പരിപാടികള്‍:-കാലത്ത്
ഏഴു മണിമുതല്‍ "പല്ലുതേപ്പ്,ലങ്ടനില്‍പ്പോക്ക്,(കട്ടന്‍ ചായ നി൪ബന്ദ്ധമില്ലാത്തവര്‍ക്ക്) കുളി" ഇത്യാതി പ്രഭാത കര്‍മ്മങ്ങള്‍.
ഏഴു മണിമുതല്‍ എട്ടുവരെ -"പ്രഭാത ഭക്ഷണം"പുട്ട്+കടല(വീട്ടുകാര്‍ക്കുംബന്ധുക്കള്‍ക്കും മാത്രം)പാചകക്കാര്‍ക്കു പ്രത്യേക "കഞ്ഞിവീഴ്ത്ത്(അച്ചാര്‍,ചമ്മന്തി എന്നിവ തൊട്ടു കൂട്ടാവുന്നതാണ്)
തുടര്‍ന്ന് അടുപ്പ് കെടുത്തല്‍(കൂട്ടത്തോടെ)
ഒമ്പത് മുതല്‍ കല്യാണഒരുക്കങ്ങള്‍.-ആദ്യയിനം " പറനിറക്കല്‍" (പെണ്ണിന്റമ്മ,അച്ഛനു തൊട്ടു നില്‍ക്കാവുന്നതാണ്)
തുടര്‍ന്ന് എഴുന്നള്ളിപ്പ്-ആദ്യം വരന്‍ ,പിന്നെ വധു ക്രമത്തില്‍-താലപ്പൊലി(അറുപതു കഴിഞ്ഞവര്‍ക്ക് വിലക്ക്),നാദസ്വരം,പഞ്ചവാദ്യം,(കൊട്ടുകാരെകിട്ടിയില്ലെങ്കില്‍ കാസ്സററു വെക്കുന്നതാണ്),താലികെട്ട്,(മുഹൂര്‍ത്തം:-പത്തെ മുപ്പതിനും നാപ്പതിനും ഇടയില്‍
മോതിരം,മാല,പുടവ,ബൊക്കെ എന്നിവയുടെ കെട്ടിക്കല്‍ , ഇടീക്കല്‍ ,കൊടുക്കല്‍ ,വാങ്ങല്‍,കൈമാറ്റം ഇത്യാതി ചടങ്ങുകള്‍.
തുടര്‍ന്ന് കൈകൊടുക്കല്‍,വട്ടം ചുറ്റല്‍,പാലും പഴവും,(കൈകളിലേന്തി ,പവിഴവായില്‍ അല്ല പഴം വായില്‍)(ലിമിററഡ് മെംബേര്‍സ് ഒണ്ലി)
ഒരു പ്രത്യേക അറിയിപ്പ്-"വീഡിയോ പിടിക്കുന്നവര്‍ അന്ടെര്‍വെയെര്‍ ഇടാന്‍ മറക്കരുത്"
പന്ത്രണ്ടു മുതല്‍ സമ്മാനം സ്വീകരിക്കല്‍ -ഇതിനിടയില്‍ ഇല വെക്കുന്നതാണ് (അലമ്പരുത് ...വിളമ്പിത്തരും)
മുന്ന് മുതല്‍ മുന്നരവരെ-'അഭിപ്രായ ഗുല്‍ഫി'(പരദൂഷണം,സദ്യ മോശം തുടങ്ങിയവ)
മുന്നരക്കും മുക്കാലിനുമിടയില്‍-വടക്കോട്ടുള്ള ഇറക്കം.(വധൂവരന്മാര്‍ ഒരുമിച്ചു വരന്‍റെ വീട്ടിലെക്കിറങ്ങുന്നു.)
ഉടനെ പന്തല്‍ പൊളി.
സുഹൃത്തുക്കളെ ഇതൊക്കെ സത്യമാണ്.ഇതിലൊന്നും വെള്ളം ചേര്‍ക്കാന്‍ എനിക്കാവില്ല,
ഇത്രയൊക്കെ പറഞ്ഞെങ്കിലും"കുറിക്കല്യാണത്തെ ക്കുറിച്ചു ഇനിയാണ് പറയാനുള്ളത്.
വടക്കേ മലബാറില്‍ താഴ്ന്ന വരുമാനമുള്ള വരാണ്,കല്യാണത്തലേന്നു "കുറിക്കല്യാണം"എന്ന പേരില്‍ പണപ്പിരിവ് നടത്തിയിരുന്നത്.ഇങ്ങിനെ കിട്ടുന്ന സംഖ്യയാണ് കല്യാണച്ചിലവിനു ഉപയോഗിച്ചിരുന്നത്.
സമ്മാനമായി കിട്ടുന്ന സംഖ്യകള്‍ കൃത്യമായി എഴുതി കണക്കും സൂക്ഷിച്ചിരുന്നു.ഇവ പിന്നീട് മടക്കികൊടുക്കാനുള്ളതാണ്.
മൈക്ക് സെറ്റ് വാടകയ്ക്ക് കൊടുക്കുന്ന ഒരാളുടെ മകളുടെ കല്യാണത്തോടനുബന്ധിച്ചു കുറിക്കല്യാണം നടത്തി.സ്വന്തമായി മൈക്ക് ഉള്ളതുകൊണ്ട് കിട്ടുന്ന സംഖ്യകള്‍ അപ്പപ്പോള്‍ തന്നെ കവര്‍ പൊട്ടിച്ചു
മൈക്കിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.(ഉദാ:-പിലാവുള്ള കണ്ടി ഉണ്ണിചെക്കാന്‍ വക വരവ് പതിനഞ്ചുറുപ്പിക.)
അയല്‍പക്കത്തെ വീട്ടിലെ സ്ത്രീ കല്യാണവീട്ടുകാരുമായി പിണക്കത്തിലായിരുന്നെങ്കിലും,മകളുടെ കല്യാണത്തിനു കിട്ടിയ സംഖ്യ തിരിച്ചുകൊടുക്കാനായി പത്തുരൂപ കവറിലാക്കി പേരെഴുതി എല്‍പി സ്കൂളില്‍ പഠിക്കുന്ന മകനെ ഏല്‍പ്പിച്ചു.അതില്‍നിന്നും ഒരു രൂപയ്ക്കു മിഠായി മേടിച്ചുതിന്നു,ബാക്കി ഒമ്പത് രൂപ കവറിലിട്ടു മൈക്കില്‍ വിളിച്ചുപറയുന്ന ആളെ ഏല്‍പ്പിച്ചു.അല്‍പ്പം കഴിഞ്ഞാണ് പ്രസ്തുത സ്ത്രീ തന്റെ ഭര്‍ത്താവിന്‍റെ പേരില്‍ വരവ് 'ഒമ്പത് ഉറുപ്പിക എന്ന് വിളിച്ചുപറയുന്നത്‌ കേട്ടത്.ഉടനെ മകനെ ചോദ്യം ചെയ്തപ്പോഴാണ് ഒരു രൂപയ്ക്കു മിഠായി മേടിച്ചു തിന്ന കാര്യം പുറത്തായത്.നാണക്കേട്‌ തീര്‍ക്കാനായി അപ്പോള്‍ തന്നെ ഒരു രൂപയെടുത്ത്‌ കവറിലാക്കി, പേരെഴുതി മകന്‍റെ കയ്യില്‍ തന്നെ കൊടുത്തുവിട്ടെങ്കിലും ഇതിനകം പുതിയ അനൌന്സര്‍ ചാര്‍ജെജടുത്തതുകൊണ്ട്‌ തുടര്‍ന്ന് കേട്ടത് ഇപ്രകാരമായിരുന്നു."കുറ്റിയില്‍ ഗോവിന്ദന്‍ വക വരവ് "ഒരുറുപ്പിക".

2012 മേയ് 27, ഞായറാഴ്‌ച

അമാവാസി - കഥ (രാമചന്ദ്രന്‍ ചാലക്കുടി )
വീണ്ടുമൊരവധിക്ക് നാട്ടിലെത്തിയതായിരുന്നു ഞാന്‍.. .ഹോമിച്ചു തീര്‍ക്കാനുള്ള ദിവസ്സങ്ങള്‍ കുടുംബത്തോടൊപ്പം സന്തോഷമായി കഴിയുക.അവരുടെ ഇംഗിതത്തിനനുസരിച്ചു യാത്രകളും മറ്റും തീരുമാനിച്ചപ്പോള്‍ ഇത്തവണ പതിവിനു വിപരീതമായി ദൂരയാത്രകളൊക്കെ ഒഴിവാക്കിയിരുന്നു.
ഭക്തി വിഷയങ്ങള്‍ക്ക്‌ മുന്‍‌തൂക്കം കൊടുക്കുന്ന സഹധ൪മമിണിയുടെ അജണ്ടയിലെ ആദ്യ പ്രാര്‍ത്ഥന‍ക്കായി സ്വന്തം തട്ടകത്തിലെ ഭഗവതീ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ഞങ്ങള്‍.പ്രായാധിക്യം കാരണം ദൂരക്കൂടുതലുള്ള അമ്പലങ്ങളിലേക്കു ഇല്ലെന്നു പറഞ്ഞ അമ്മ,പക്ഷെ ഭഗവതിയെ തൊഴാന്‍ ഞങ്ങളോടൊപ്പം എത്തിയിരുന്നു .പാടവും ഇടവഴിയും കഴിഞ്ഞു ആല്‍ത്ത റക്കല്‍ ചെരിപ്പുകള്‍ അഴിച്ച്ചുവെച്ചു ഞങ്ങള്‍ ച്ചുററമ്പലത്തിലേക്ക് കയറിയപ്പോള്‍ ആള്‍‍ത്താമസ്സമില്ലാത്ത പഴയ തറവാടുകളുടെ മുറ്റം പോലെ കാട്ടുചെടികളും മുത്തങ്ങയും കാടുപിടിച്ചു കിടന്നിരുന്നു .വ൪ഷം തോറുമുള്ള ഉത്സവം മുടങ്ങിയപ്പോള്‍ പതിവുള്ള ചെത്തിമിനുക്കലോക്കെ മതിയാക്കിയിരിക്കുന്നു. മൂന്നു നേരം ശാന്തിയും ദേവിക്ക് വിളക്കുവെക്കലും മാത്രം ഇപ്പോഴും തുടരുന്നുണ്ട് .പണ്ട് അഞ്ചു ആനക്ക് ഉത്സവം നടത്തുമായിരുന്നു. പേരുകേട്ട പഞ്ചവാദ്യക്കാരും ചെണ്ട മേളക്കാരും ദേവിയുടെ നടയില്‍ കലാവിരുന്ന് കാണിച്ചവരാണ് .നിറദീപങ്ങളുടെ നടുവില്‍ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന ദേവിയുടെ രൂപം ഇന്നത്തെ തലമുറയ്ക്ക് അന്യമായി.കാലപ്പഴക്കത്തില്‍ കേടുപാടുകള്‍ ഏറ്റുവാങ്ങിയ നാലമ്പലം ഏതു നിമിഷവും നിലം പൊത്താറായി നില്‍ക്കുന്നു.
ച്ചുററമ്പലത്തില്‍നിന്നും തിടപ്പള്ളി താണ്ടി ശ്രീകോവിലിനു മുന്‍പിലെത്തി.അകത്തു പൂജ നടക്കുകയാണ്.അടഞ്ഞു കിടന്ന തിരുനട തുറക്കുന്നതുവരെ കൈകൂപ്പി പ്രാര്‍ത്ഥിച്ച് നിന്നു.മന്ത്രോച്ഛരണങ്ങള്‍ക്കും മണികിലുക്കത്തിനുമൊടുവില്‍ ശ്രീകോവില്‍ തുറന്നു.കളഭചാര്‍ത്തണിഞ്ഞ ഭഗവതിയുടെ രൂപം കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരനുഭൂതിയായിരുന്നു.
ക൪പ്പുരത്തിന്റെയും ചന്ദനത്തിന്റെയും മാസ്മര ഗന്ധം പരിസരമാകെ പടരുന്നുണ്ടായിരുന്നു."നൂറു പുണ്യം കിട്ടും ..ഭഗവതിക്കൊരു നിറമാല ചാര്‍ത്തിയിട്ടു ശ്ശി ദിവസ്സായി.എന്താ നക്ഷത്രം?" "രാമചന്ദ്രന്‍ ..അത്തം നക്ഷത്രം."
'അങ്ങനാവട്ടെ..ശനിയാഴ്ച ഇത്തിരി നേരത്തെ ഇങ്ങട് വന്നോളാ..ച്ചുററുവിളക്കില്‍ എണ്ണ ഒഴിച്ച് തിരി ഇടണം ..മാല തൂക്കണം ..അവനോന്‍ തന്യാവുനതാ അതിന്റെ ഒരു പുണ്യം.പിന്നെ ഇവിടെ ശ്ശി കുട്ട്യോളും അളോളും ഉണ്ട്ടാവും.എല്ലാരും കൂടി ആവുമ്പോ എളുപ്പാവൂല്ലോ"
'വരാം തിരുമേനി ..നേരത്തെ വരാം."
പ്രസാദവും മേടിച്ചു നടയിറങ്ങി.ശാസ്താംകോട്ടയിലെ കൂട്ടുകാരന്‍ തന്നുവിട്ട "ഗള്‍ഫു പാക്കറ്റ്'മേടിക്കാന്‍ ഇപ്പോള്‍ ആ ളെത്തിക്കാണും .ആല്‍ത്ത റക്കലെത്തിയപ്പോള്‍ അമ്മ ചോദിച്ചു "കുട്ടന് മനസ്സിലായോ ആ ശാന്തിക്കാരനെ" "ഇല്ല ഇവിടത്തു കാരനല്ലെന്നു തോന്നി'
"നമ്മുടെ പുത്ത൯മഠത്തിലെ അമ്മയുടെ കൊച്ചുമോനാ...മഹാദേവന്‍ ‍ "
ഓര്‍മ്മകള്‍ പഴയകാലങ്ങളിലേക്ക് ഊളിയിട്ടത് പെട്ടെന്നായിരുന്നു.സാക്ഷാല്‍ ലക്ഷ്മീദേവിയുടെ മുഖശ്രീയുള്ള "മഠത്തിലമ്മ".ഏഴ് തിരിയിട്ടു കത്തിച്ച നിലവിളക്കുമായി എന്‍റെ മനസ്സിന്‍റെ പടവുകള്‍ കയറുകയാണ് .....നിറങ്ങള്‍ ചാലിച്ചിട്ട എന്‍റെ കുട്ടിക്കാലം ..ചുറ്റും വ൯മതില്‍ കെട്ടി നിര്‍ത്തിയ "മഠത്തില്‍ മന"യെച്ചുററിവേണം ഞങ്ങള്‍ക്ക് സ്കൂളിലേക്ക് പോകാന്‍.മതിലിന്‍റെ ഏകദേശം നടുവിലായി എട്ടടിയോളം പൊക്കമുള്ള ഇരിമ്പുഗൈററ്.ഇരുവശങ്ങളിലും ഗര്‍ജ്ജിക്കുന്ന രണ്ടു സിംഹങ്ങളുടെ മണ്‍പ്രതിമകള്‍ .കാലത്തും വൈകീട്ടും ആ ഗൈററു പിടിച്ചു പൂമുഖത്തേക്ക്‌ നോക്കി നില്‍ക്കും മഠത്തിലമ്മയെ ഒന്ന് കാണാന്‍.പക്ഷെ എവിടെനിന്നോ മണം പിടിചെത്തുന്ന "പൊട്ടന്‍ നീലാണ്ട്ടന്‍" കണ്ണുരുട്ടി ഞങ്ങളെ ഓടിക്കും.മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചക്കരമാവില്‍ നിന്ന് കാറ്റത്തു വീഴുന്ന മാങ്ങപോലും ഞങ്ങള്‍ക്ക് കിട്ടാറില്ല.കാററടിക്കുന്നതിന്നു മുന്‍പേ "നീലാണ്ട്ടന്‍" റോഡില്‍ പാറാവ്‌ തുടങ്ങിയിരിക്കും.
മഠത്തിലമ്മ ധാനധ൪മമിഷ്ട്ടയായിരുന്നു.വേളികഴിഞ്ഞു പത്താംനാള്‍ ഭര്‍ത്താവ് വിഷം തീണ്ടി മരണപ്പെട്ടു.സര്‍പ്പകോപമായിരുന്നെന്നു പ്രശ്നവശാല്‍ കണ്ടതായി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.പുത്രവാത്സല്യം നിമിത്തം മഠത്തിലമ്മ സ്വന്തം കുലത്തില്‍ നിന്ന് ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തി.ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും നടുവില്‍ നാരായണന്‍ വളര്‍ന്നു "തിരുമേനി"യായി.കൌമാരത്തില്‍ നിന്നും യൌവ്വനത്തിലേക്കുള്ള നാരായണന്റെ യാത്ര ദുര്‍ഘടം പിടിച്ചതായിരുന്നു.ആ വഴിയിലുടനീളം തിരുമേനിക്ക് ചൂട്ടുപിടിച്ചത് കാര്യസ്ഥന്‍ വേലുപിള്ളയും കാളവണ്ടിക്കാരന്‍ അച്ചുവുമായിരുന്നു.മഠത്തിലമ്മയുടെ കണ്ണുവെട്ടിച്ചു മദ്യവും മല്സ്യമാംസാദികളും നാലുകെട്ടും നടുമുറ്റവും കടന്നു മാളികപ്പുറത്തെ തീന്‍ മേശകളില്‍ സ്ഥിരതാമസ്സമാക്കി.
അവയ്ക്ക് യാത്രയയപ്പ് നല്‍കിയ തിരുമേനിയും പരിവാരങ്ങളും മദ്യലഹരിയില്‍ പാതിരാകോഴിക്കൊപ്പം കൂവി.പകല്‍ തിരുമേനിയും രാത്രി തെമ്മാടിയുമായി നാരായണന്‍ ജീവിതം ആസ്വദിക്കുമ്പോള്‍ ‍ മഠത്തിലമ്മ യില്‍നിന്ന് ഇഷ്ട്ട ദാനമായി കിട്ടിയ
വസ്ത്തുവഹകളുടെ എണ്ണം ചുരുങ്ങുകയായിരുന്നു.സന്തതസഹചാരികളായ വേലുപ്പിളളയുടെയും അച്ചുവിന്റെയും മടിശ്ശീലക്ക് ഘനം വെച്ചത് പെട്ടെന്നായിരുന്നു.
നാരായണന്റെ സ്വഭാവദൂഷൃങ്ങള്‍ നേരിട്ടറിഞ്ഞപ്പോള്‍ മഠത്തിലമ്മ വര്‍ധിച്ച മനപ്രയാസത്തിലായി.എല്ലാറ്റിനും പ്രതിവിധിയായി ഇളമന ഇല്ലത്തെ രേണുക നാരായണന്റെ വേളിയായി മഠത്തിലെത്തി.സ്നേഹപൂര്‍ണമായ പരിചരണങ്ങള്‍‍ക്കോ സ്വാന്തനങ്ങള്‍‍ക്കോ തിരുമേനിയെ തിരുത്താനായില്ല.തെറ്റില്‍ നിന്നും തെറ്റിലേക്കുള്ള കൂപ്പുകുത്തലിനിടയില്‍ ഒരമാവാസി ദിവസ്സം രേണുക ഒഴിച്ചുകൊടുത്ത ജീരകവെള്ളം മൂന്നുപ്രാവശ്യം കുടിച്ചു മഠത്തിലമ്മ കണ്ണുകള്‍ അടച്ചു.
മദ്യലഹരിയില്‍ അന്ത്യക്രിയകള്‍ ചെയ്ത നാരായനനെകണ്ട് ബലിക്കാക്കകള്‍ പറന്നകന്നു. കാലം മുന്നോട്ട് കുതിക്കുമ്പോള്‍ പുത്തന്‍ മഠത്തിലെ അടിത്തറകള്‍ ഇളകിത്തുടങ്ങിയിരുന്നു.ഭൂ സ്വത്തുക്കളില്‍ നല്ലൊരു ഭാഗം വേലുപ്പിളളയുടെ പേരില്‍ കരം അടച്ചു കഴിഞ്ഞിരുന്നു.ഇളം തലമുറക്കാരനായി മഠത്തില്‍ പിറന്ന സന്തതി ഇല്ലായ്മയുടെ അഗ്നിയില്‍ ‍ ഉപനയനം നടത്തി.കരളില്‍ കാന്‍സര്‍ പിടിച്ചു അകലെ ആശുപത്രിയില്‍ ചികിത്സക്കൊടുവില്‍ നാരായണന്‍ തിരുമാനിയെയും വഹിച്ചു ഒരു നാള്‍ ആംബുലന്‍സ് എത്തി.കിട്ടാക്കടം പെരുകിയപ്പോള്‍ ബാങ്ക് ജപ്തി ചെയ്തു ശേഷിക്കുന്ന വസ്തുവഹകളോടൊപ്പം രേണുക അന്തര്‍ജ്ജനവും മഹാദേവനും പടികളിറങ്ങി.പിന്നീട് അവരെക്കുറിച്ച് ആരും അന്വേഷിച്ചില്ല.പാപത്തിന്റെ പങ്കു പറ്റിയതിന്റെ ശാപം ഏററുവാങ്ങിയ
പൊട്ടന്‍ നീലാണ്ടന്‍ ചെവിയില്‍ പൂക്കള്‍ തിരുകി,കൈകള്‍ കൂട്ടി പിടിച്ചു ശംഖു വിളിച്ചു ദിവസ്സവും അതുവഴി പോകാറുണ്ടായിരുന്നു.കാറ്റടിക്കുമ്പോള്‍ ചക്കരമാവിന്റെ മാങ്ങകള്‍ പെറുക്കാന്‍ പാതിരാക്കുപോലും പൊട്ടന്‍ നീലാണ്ടന്‍ ഓടി എത്തുമായിരുന്നത്രേ!....എന്നോ വിറ്റു പോയചക്കരമാവിന്റെ സ്ഥലം നീലാണ്ടാണ് നല്ല ഓര്‍മ്മയായിരുന്നിരിക്കണം.
കാലഹരണപ്പെട്ടതാണെങ്കിലും ദുഃഖിപ്പിക്കുന്ന ഓര്‍മ്മകള്‍ മനസ്സില്‍നിന്നു പറിച്ചെടുത്തു ഇടവഴിയിലേക്ക് കയറിയപ്പോള്‍,തോളില്‍ ഭാണ്ടക്കെട്ടുമായി എതിരെ വരുന്ന പ്രാകൃ തനില്‍ ഒരു നിമിഷം കണ്ണുകള്‍ ഉടക്കി നിന്നു.ഓച്ചാനിച്ചു വഴിയോരം ചേര്‍ന്ന് നിന്ന ആ രൂപം അമ്മയോട് ചോദിക്കുന്നത് കേട്ടു "ആരാ പിറകില്‍ വരുന്നത്? "അതെന്റെ മോനാ ..കുട്ടന്‍ ..പേര്‍ഷ്യേന്നു ലീവില്‍ വന്നതാ ..അച്ചുനു മനസ്സിലായില്ല അല്ലെ ?"
ദൈന്യത നിറഞ്ഞ നോട്ടത്തിനൊടുവില്‍ കയ്യിലെ പ്രസാദവും പോക്കറ്റില്‍ നിന്നെടുത്ത നോട്ടുകളും ആ കൈകളില്‍ വെച്ച് കൊടുക്കുമ്പോള്‍ ഉള്‍ക്കണ്ണുകള്‍ വേലുപ്പിളള യെ തിരയുകയായിരുന്നു.മുന്‍പില്‍ നടക്കുന്ന അമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു"സുകൃതക്ഷയം..സുകൃതക്ഷയം..."

2012 മേയ് 21, തിങ്കളാഴ്‌ച

വസന്ത ലാവണ്യം

വസന്ത ലാവണ്യം
(രചന-:രാമചന്ദ്രന്‍ ചാലക്കുടി)
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ
ഋതുക്കള്‍ കുങ്കുമമണിയിച്ച ഹേമന്ദമോ
കണ്വാശ്രമത്തിലെ ശകുന്തളയോ ഇവള്‍
രാമന്‍റെ പ്രിയസഖി മൈഥിലിയോ
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ.....

സന്ധ്യകള്‍ തേടും കാമുകിയോ ഇവള്‍
രാവിനെയുറക്കും പൌര്‍ണമിയോ
വിണ്ണിലെ നക്ഷത്ര കന്യകയോ ഇവള്‍
ഇന്ദ്ര സദസ്സിലെ സുന്ദരിയോ
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ.....

ചന്ദ്രിക നീരാടും ‍ പാല്‍ക്കുളമോ ആമ്പല്‍
പൂക്കള്‍ മയങ്ങും പൂമെത്തയോ
കലമാന്‍ മിഴികളില്‍ അഞ്ജനമെഴുതിക്കും
കാമന്‍റെ വിരല്‍ത്തുമ്പിലെ കന്‍മദമോ
വസന്തം വാലിട്ടെഴുതിയ കണ്ണുകളോ

വസന്തം വാലിട്ടെഴുതിയ കണ്ണുകളോ.....

ശിക്ഷ -മിനികഥ

ശിക്ഷ -മിനികഥ
അയാള്‍ പ്രിയതമക്ക് എഴുതുകയാണ് .എവിടെ അസഹ്യമായ ചൂട് തുടങ്ങി .രണ്ടു മിനുട്ട് പുറത്തിറങ്ങി നില്‍ക്കുമ്പോഴേക്കും ആകെ വിയര്‍ത്തു കുളിക്കും .
ഒക്ടോബര്‍ അവസാനം വരെ ഇതു തുടരാനാണ് സാദ്ധ്യത. നാട്ടില്‍ നല്ല മഴയാണല്ലേ !!!ഒരു നല്ല മഴ കണ്ടിട്ട് നാളുകള്‍ ഏറെ ആയി.ആകാശത്തിന്‍റെ അകിടില്‍ നിന്നും നൂലുകളായി പയ്തിറങ്ങുന്ന മഴയെ നോക്കി നില്കാനെന്തു രസമായിരിക്കും ... രാത്രിയില്‍ തിമിര്‍ത്തു പെയ്യുന്ന മഴയുടെ... ശീല്‍ക്കാരവും കേട്ട് ....പരസ്പരം ചൂടുപകര്‍ന്നു കിടക്കുമ്പോള്‍ അതിനെക്കാള്‍ രസമായിരിക്കും !!
എല്ലാ മോഹങ്ങളും മനസ്സിലെ ചെപ്പിലിട്ടു സൂക്ഷിച്ചു വെക്കാം ...ഒടുവിലൊരുനാള്‍ ...ഈ ശിക്ഷയുടെ കാലാവധി തീരുമ്പോള്‍ ....തലയില്‍ വെള്ളി കമ്പികളും
യൌവ്വനം ഒളിപ്പിച്ചു വെച്ച മനസ്സുമായി ഞാന്‍ എത്താം .ശേഷിച്ച നാളുകള്‍ സുരഭിലമാക്കാം ..ഡിസംബറിലെ കുളിരുള്ള രാവുകളില്‍ ജനല്‍ പാളികള്‍ തുറന്നിട്ട്‌
മഴയുടെ സംഗീതം ആസ്വദിക്കാം...(അവിടുത്തെ ഇരുണ്ട രാത്രികള്‍ക്ക് പുര്‍ണ്ണ ചന്ദ്രന്‍റെ നിലാവിനേക്കാള്‍ സൌന്ദര്യമുണ്ട് .നിശയുടെ സ്പന്ദനങ്ങള്‍ക്ക് ഒരു ധ്രുത
]താളത്തിന്റെ ശ്രവണ സുഖമുണ്ട്.പാതിരക്ക് വിരിയുന്ന കാട്ടുമുല്ലക്ക് ശങ്കുപുഷ്പത്തെക്കാള്‍ ഭംഗിയുണ്ട്.ഗാഢ നിദ്രയിലാന്ടവരുടെ കുര്‍ക്കം വലികള്‍ക്ക്
എ.ആര്‍ .രഹമാന്റെ ചടുലസംഗീതത്തിന്റെ താളാത്മകതയുണ്ട് .(ആ രാത്രികള്‍ പുലരാതിരുന്നെങ്കില്‍ !!! പ്രപഞ്ചം നിദ്രയിലാഴുമ്പോള്‍ ...ഒച്ചവെക്കാതെ നമുക്ക് എഴുന്നേല്‍ക്കാം ..കാലച്ചക്രത്തിനെ പിടിച്ചുനിര്‍ത്തി പിറകിലേക്ക് കാക്കാം ...സൂര്യം വൈകി ഉണര്‍ന്നോട്ടെ ... )
കഴിഞ്ഞ അവധിക്കാലം.പ്രിയപ്പെട്ടവരേ എല്ലാം വിട്ടു പിരിഞ്ഞപ്പോള്‍ മനസ്സ് അസ്വസ്ഥമായിരുന്നു.ഹോമോച്ച്ചു തീര്‍ത്ത ഒഴിവുദിനങ്ങളിലെ നന്മകളില്‍ ഊളിയിട്ട് പറക്കുമ്പോള്‍ മനസ്സിന്‍റെ മുകള്‍പ്പരപ്പില്‍ വെള്ളം കുടിക്കാനെത്തുന്ന സുഖമുള്ള ഓര്‍മ്മകള്‍.അവയെ കണ്ണടച്ചു തഴുകുമ്പോള്‍ ..കണ്‍ പീലികളില്‍
ഭാരം കയറ്റിവെക്കാന്‍ തുനിയുന്ന നിദ്രാദേവിയുടെ കൈകള്‍ തട്ടി മാറ്റാന്‍ കഴിഞ്ഞില്ല ...ഉണര്‍ന്നപ്പോള്‍ ..പരോള്‍ കഴിഞ്ഞെത്തിയ തടവുകാരനെപ്പോലെ...
ഈ .....ശ്ക്ഷ ....ഇനി ....എത്ര നാള്‍ ...???

പിറവി

പിറവി

പെററുവീണപ്പോള്‍‍ത്തന്നെ കരയാ൯‍ ശീലിച്ചു

പിന്നെ കമിഴ്ന്നും മുട്ടിലിഴഞ്ഞും

ഭുമിയുടെ മാറില്‍‍ ചവുട്ടി ത്തുടിച്ച്ചും

നന്മ തിന്മകള്‍‍ക്ക് കാതോര്‍ത്തിരുന്നും

... കാലത്തി൯‍ ‍ പുല്ലാങ്കുഴല്‍‍ വിളി കെട്ടും

ബാല്യ കൌമാരങ്ങള്‍‍ താണ്ടി

യൌവ്വനം മേനിയില്‍ ‍ പൂക്കളം തീര്‍ത്തപ്പോള്‍ ‍ വണ്ടുകളായിരം തേ൯‍ തേടിയെത്തി

ഇല്ലായ്മകളില്‍ ‍ വിശപ്പിന്‍റെ വിളികേട്ടു

രാവിനെ സ്നേഹിച്ചപ്പോള്‍ ‍ സുര്യനെ ശപിച്ചു

കാലം കുത്തിയോഴുകി...പൂക്കള്‍ ‍ കരിഞ്ഞു

എന്തിനായീ ജന്‍മം...മരണമേ പുല്‍‍കുക നീയെന്നെ.

കാണാമറയത്ത് (ഗാനം)

കാണാമറയത്ത് (ഗാനം)
പലകുറി ഞാനെന്‍റെ മനസ്സില്‍ ചോതിച്ചു
പറയൂ ഇവളെന്‍റെ യാരാ!
പറയൂ നീയെന്‍റെയാരാ?
ഹൃദയത്തിന്‍ തന്ത്രികള്‍ അറിയാതെ മീട്ടുന്ന
രാഗങ്ങളോടും ഞാന്‍ ചോതിച്ചു
പറയൂ ഇവളെന്‍റെ യാരാ!
ദേവി പറയുമോ നീയെന്‍റെ ആരാ!
പലകുറി ഞാനെന്‍റെ..........
കാലത്തിന്‍ സ്പന്ദനം കാതില്‍ മുഴങ്ങുന്നു
... ൠതുക്കള്‍ ചാമരം വീശുന്നു
കാലത്തിനോടും ൠതുക്കളോടും പിന്നെ
ചന്ദ്രികയോടും ഞാന്‍ ചോതിച്ചു
നിങ്ങള്‍ക്കറിയുമോ ഇവളെന്‍റെ യാരാ!
ദേവി പറയൂ നീയെന്‍റെ യാരാ!
പലകുറി ഞാനെന്‍റെ ...........
കാണാമറയത്ത് നിന്നെത്തഴുകുന്ന
കാറ്റിന്‍റെ മര്‍മ്മരം കേട്ടു..
പൂക്കള്‍ നോക്കി ചിരിച്ചതും കണ്ടു
ആ കാറ്റിനോടും പിന്നെ പൂക്കളോടും
വിടരും മോട്ടിനോടും ഞാന്‍ ചോതിച്ചു
നിങ്ങള്‍ക്കറിയുമോ ഇവളെന്‍റെ യാരാ!
ദേവി പറയൂ നീയെന്‍റെ യാരാ!
മോഹങ്ങള്‍ ചിറകടിച്ചാടിത്തകര്‍ക്കുമ്പോള്‍
ഞാനും വരട്ടയോ ചാരെ
ദേവി ഞാനും വരട്ടെയോ ചാരേ
പലകുറി ഞാനെന്‍റെ ...........

അല്‍പ്പം തമാശ

അല്‍പ്പം തമാശ

താടി നീട്ടി വളര്‍ത്തിയ വയസ്സനോട്‌-"ഈ താടിം മുടിം കളഞ്ഞു ഇനിയുള്ള കാലം മനുഷ്യനെപ്പോലെ ജീവിച്ചുടെ?"

വയസ്സന്‍- "ഈ താടിം മുടിം നീട്ടി വളര്‍ത്തുണേന്‍റെ ഗുട്ടന്‍സ് അറിയില്ലേ'

അപരന്‍-"എനിക്ക്യറിയാം ..കാശ് ലാഭിക്കാനല്ലേ?ബാര്‍ബര്‍ ഷാപ്പിലൊക്കെ എപ്പോ എന്താ റൈറ്റ്?"

വയസ്സന്‍-"കാശ് ലാഭിക്കാനല്ല,എടാ മണ്ട ..വയസ്സാവുമ്പോ മരിച്ചു കഴിഞ്ഞു കത്തിക്കുമ്പോ..പെട്ടെന്ന് പോള്ളാതിരിക്കാനാ.മനസ്സിലായോ?"
...
അപരന്‍- "എന്നാ ചാകിണേന്‍റെ ഒരഞ്ചു മിനുറ്റ് മുന്‍പ് ബുള്ളറ്റു പ്രൂഫ്‌ ജാക്കറ്റ് ഇട്ടാല്‍ ശരീരം മൊത്തം തീ പിടിക്കാണ്ട് നോക്കാം

..പോട്ടെ"
See more

2012 ഏപ്രിൽ 8, ഞായറാഴ്‌ച

വിരുന്നെത്തിയ നൊമ്പരം


വിരുന്നെത്തിയ നൊമ്പരം


ആകസ്മികമായി വിധി സമ്മാനിച്ച ഒരു ദിവസത്തിന്റെ സംഗീതം വിതുമ്പലുകളായി അലയടിച്ചുകൊണ്ടിരുന്നപ്പോള്‍
അയാള്‍ തേങ്ങലുകള്‍ അടക്കാന്‍ പാട് പെടുകയായിരുന്നു.നന്‍മയിലേക്ക് കണ്ണ് തുറന്ന ഇന്നലെയുടെ പ്രഭാതം പതിയെ
കണ്ണ് ചിമ്മിയപ്പോള്‍ കടന്നു വന്ന പകലിനു ഉച്ചവെയിലിന്‍റെ തീഷ്ണതയേറുന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.
ഉറക്കം വില്‍ക്കാന്‍ വിധിക്കപ്പെട്...ട രാത്രികളില്‍ ഒന്നിന്‍റെ ക്ഷീണത്തില്‍ അയാള്‍ ഉറങ്ങുകയായിരുന്നു.
മണിയടിച്ചെത്തിയ വാര്‍ത്ത അയാളെ നൊമ്പമ്പരങ്ങളുടെ തുരുത്തിലേക്കാണ് കൂട്ടികൊണ്ടുപോയത്.
തെറ്റിദ്ധരിക്കപ്പെട്ട വാര്‍ത്തയുടെ ശകലങ്ങള്‍ അയാളുടെ കാതുകളില്‍ നിറഞ്ഞു കൊണ്ടിരുന്നു.പരിഭവത്തില്‍ നനഞ്ഞ
വാക്കുകള്‍ യോജിപ്പിക്കാനായി പാടുപെടുന്നത് അയാളെ കൂടുതല്‍ വേദനിപ്പിച്ചു.
ഫോൺ ചെവിയോടു ചേര്‍ത്തു പിടിച്ചു മലര്‍ന്നു കിടക്കുമ്പോഴും അടഞ്ഞ കണ്ണുകള്‍ നനഞ്ഞു വരുന്നത് അയാള്‍
അറിയുന്നുണ്ടായിരുന്നു.തിരിച്ചൊന്നും പറയാനാവാത്ത വിധം എല്ലാം ഏറ്റെടുക്കുമ്പോഴും പരിഭവങ്ങളുടെ വേലിയേറ്റത്തില്‍
മുങ്ങിപ്പോകാത്ത ദൂരത്തു പണിതെടുത്ത സ്നേഹ സൌധം ആത്മബലമേകി.ഒരു വിളിപ്പാടകലെ മുത്തുക്കുട ചൂടിയ സ്നേഹം.രവിവര്‍മ
ചിത്രം പോലെ കടഞ്ഞെടുത്ത രൂപ സൌകുമാര്യം.ആത്മാര്‍ത്തത കൊണ്ട് സ്വന്തമാക്കിയ സ്നേഹ ബന്ദ്ധത്തിനു ആഴിയോളം വ്യാപ്തി
ഉണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളെ ഹൃദയത്തില്‍ ഒളിപ്പിച്ചു താലോലിച്ചു.ചവിട്ടി നടന്ന മണ്‍ തരികളെപ്പോലും കൈക്കുംബിളിലാക്കി
പുണരാന്‍ ആവേശം.വസന്ദം വാല്‍ കണ്ണെഴുതിയ ലാവണ്യം.ഒന്നും സ്വന്തമല്ലെന്ന് അറിഞ്ഞിട്ടും ഉന്‍മാദം തുടികൊട്ടുന്ന മനസ്സിനെ
കടിഞ്ഞാണിട്ടു നിര്‍ത്തി.ഒരു സോപാന സംഗീതം പോലെ ഒഴുകി യെത്തിക്കൊണ്ടിരുന്ന ശബ്ദത്തിനുവേണ്ടി പിന്നെയും പിന്നെയും
കാതോര്‍ത്തിരുന്നു.ശബ്ദം നിലച്ചപ്പോള്‍ അയാള്‍ ഫോൺ ക്രാഡിലില്‍ തിരിച്ചു വച്ചു.ഉറക്കം വഴി മാറിയെങ്കിലും കണ്ണടച്ചു ബെഡ്ഡില്‍തന്നെ
കിടന്നു .....അടുത്ത മണിയടിക്കു കാതോര്‍ത്തുകൊണ്ട്.
See more

അസ്തമയം

അസ്തമയം
കളവൂര്‍ ചെമ്പാഴി രാമചന്ദ്രന്‍-chalakudy
...
മുകളില്‍ - പകലിന്‍റെ മരണത്തില്‍ കണ്ണീരൊഴുക്കുന്ന ആകാശം...താഴെ- സ്വന്തം പുതപ്പുകള്‍ക്കുള്ളില്‍ ചുരുണ്ടുകൂടിയ ഭൂമി അടുത്ത പ്രഭാതം സ്വപ്നം കണ്ടു
തളര്‍ന്നുറങ്ങി...പുറത്ത് - മണ്ണിന്‍റെ മാറില്‍ വീണുടയുന്ന കണ്നീര്‍ത്തുള്ളികളുടെ തേങ്ങല്‍ ...അകത്ത് -ശപിക്കപ്പെട്ട ഒരു നിമിഷത്തില്‍ വിധിയുടെ തടവുകാരനായി തീര്‍ന്ന ഉറങ്ങാത്ത ഞാന്‍ ...
അടുത്ത പകലിന്‍റെ ജന്മത്തില്‍ ആകാശം പൊട്ടിച്ചിരിക്കുമ്പോള്‍ ....നാളെയുടെ വെളിച്ചത്തില്‍ പുതപ്പുകള്‍ മാറ്റി ഭൂമി കണ്ണുതുറക്കുമ്പോള്‍ ...ഇന്നലത്തെ
മഴയില്‍ കുളിരണിഞ്ഞ സസ്യലതാതികള്‍ നൃത്തം ചവിട്ടുമ്പോള്‍ ...ആവര്‍ത്തനങ്ങളുടെ വിരസതയില്‍ ശ്വാസം മുട്ടി കഴിയുന്ന ഞാന്‍ ...ഇന്നലെയുടെ
ഇരുണ്ട ഇടനാഴിയില്‍ കൂരിരുട്ടിന്‍റെ ഭിത്തികള്‍ക്കുള്ളില്‍ തടവിലായ ഞാനെന്ന രൂപം ...എനിക്കുമാത്രം മോഹങ്ങളില്ല ...പ്രതീക്ഷകളില്ല..അല്ലെങ്ങില്‍
എനിക്ക് എന്താണൊരു പ്രത്യേകത ...വിധി തകര്‍ത്തുകളഞ്ഞ ആയിരം ജീവിതങ്ങളുടെ പ്രതിനിധിയല്ലേ ഞാന്‍ ..പക്ഷെ പിന്മാറാന്‍ ഞാന്‍ തെയ്യാറല്ല.
വേണമെങ്കില്‍ മരിക്കാമായിരുന്നിട്ടുകൂടി അതിനു ഒരുങ്ങാതിരുന്നത് തനിക്കു എതിരില്ലെന്ന ദുരഭിമാനവും പേറി നടക്കുന്ന വിധിയെ വെല്ലുവിളിക്കാനാണ് .
കാണട്ടെ നിന്‍റെ താങ്ന്ടവ നൃത്തം ...എടുക്കു നിന്‍റെ പടവാള്‍ ...ഒരു നിമിഷത്തിന്‍റെ പൈതൃകവും പേറി നടക്കുന്ന നീ എന്നെ വിഡ്ഢിയാക്കാന്‍ നോക്കുക
യാണല്ലേ? ...
പക്ഷെ ഞാന്‍ ദുഃഖിതനാണ് ...ഏതോ ഒരു രാത്രിയില്‍ കരയാന്‍ തുടങ്ങിയ അമ്മയെ ഓര്‍ത്ത്‌ ..വിടരുന്ന പൂക്കളില്‍ നോക്കി നിശ്വാസമിടുന്ന അനിയത്തിയെ ഓര്‍ത്ത്‌ ..പിന്നെ അച്ഛന്‍ ..അച്ഛനെ കുറിച്ചു ഞാനെന്തിനു ദുഃഖിക്കണം! .എല്ലാം മറക്കാന്‍ അച്ഛന് അറിയാം ..ലീവില്‍ വരുമ്പോള്‍ തെക്കിനിയിലെ പകുതി തുറന്ന മുറിയിലേക്ക് അച്ഛന്‍ നോക്കാറില്ല.ശബ്ദത്തിന് പിറകില്‍ ഓര്‍മ്മയില്‍ ഒരു രൂപം മാത്രമാണിന്ന് അച്ഛന്‍ ..അമ്മയോ? അമ്മ ഉറങ്ങിക്കാണില്ല.കൂരിരുട്ടില്‍ കണ്ണ് തുറന്നു കിടക്കുകയായിരിക്കും...തന്നെപ്പോലെ.... ഒരിക്കലും വെളിച്ചം വരില്ലെന്ന ധൈര്യത്തോടെ.
നന്നേ ചെറുപ്പത്തില്‍ ഈ മകന്‍ വിധിയുടെ കളിപ്പാട്ടമാകാത്ത പ്രായത്തില്‍ ,സ്വപ്നങ്ങളില്‍ പണിതെടുത്ത കൊട്ടരമായിരിക്കും അമ്മയുടെ മനസ്സ്. നടക്കാത്ത
മോഹങ്ങളുടെ വിഴുപ്പു ഭാണ്ടവും ചുമന്നു കൊണ്ട് എന്നും തന്നെ ശുശ്രുഷിക്കയാണമ്മ.ഒരു മരണത്തില്‍ മാത്രം അവസാനിക്കുന്ന പ്രക്രിയയാണെന്ന് അറിഞ്ഞിട്ടും മനസ്സ് മടുത്തിട്ടില്ല.
അമ്മയെ സന്തോഷിപ്പിക്കാന്‍ തനിക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ.അതിനുള്ള അടിത്തറ പാകിയതുമാണ്..സുമതിയുടെ വിവാഹം നടന്നാല്‍ അമ്മ സന്തോഷിക്കാതിരിക്കുമോ?പകരം രജനിയെ മരുമകളായി കിട്ടുമ്പോള്‍ പിന്നെ കരയാന്‍ അമ്മക്കെവിടെ സമയം?
ഓര്‍മ്മകള്‍ക്ക് പുനര്‍ജ്ജന്മം കിട്ടിയിക്കയാണിന്ന്.മനസ്സിന്റെ ചെപ്പിലിട്ടു ഒളിപ്പിച്ചുവെച്ച സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചിരിക്കുന്നു. ഉറങ്ങാത്ത എത്ര എത്ര
രാത്രികളില്‍ മനസ്സ് മരവിച്ചു കിടന്നിട്ടുണ്ട്! അനുഭവങ്ങളുടെ ബലമുള്ള കണ്ണികള്‍ വിളക്കിച്ചേര്‍ത്ത ചങ്ങലയാണ് കാലില്‍ ..ഈ ബന്ധനത്തില്‍ നിന്നും
ഓടി ഒളിക്കാനാവില്ലിനി.
രജനി..നിന്നെ മറക്കാന്‍ എനിക്കാവില്ല.അന്ന് ഹോസ്പിറ്റലില്‍ നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു.എന്നിട്ട് എന്താണൊന്നും മിണ്ടാതെ നിന്നത്?
ഞാന്‍ ചിരിച്ചത് നിന്നെ കരയിക്കാന്‍ ആയിരുന്നില്ല....നീ ചിരിക്കുന്നതെ ഞാന്‍ കണ്ടിട്ടുള്ളു..അന്ന് നീ കരയുന്നതും കണ്ടു.
"ഇനി ഒരിക്കലും നടക്കാന്‍ സാധിക്കില്ലേ?
'ഇത്രയും നാള്‍ നടന്നതല്ലേ ...ഇനി വിശ്രമിക്കാം'
"ഞാനിവിടെ നിന്നോട്ടെ ശുശ്രുഷിക്കാന്‍ ."
"വേണ്ട രജനി,...തിരിച്ചു പൊയ്ക്കൊള്ളു ...ഇനി എന്നെ കാണാന്‍ വരരുത് ..നിന്‍റെ യൌവ്വനം പാഴാക്കാന്‍ ഞാന്‍ സമ്മതിക്കില്ല...എനിക്ക് ഈ ക്രച്ഛസ്സ്
മതി."
അപ്പോഴാണ്‌ നീ പൊട്ടി കരഞ്ഞത്.ഞാന്‍ ഒന്നും മറന്നിട്ടില്ല.നിന്നെ രക്ഷിക്കാനായിരുന്നു എന്‍റെ ശ്രമം..അതിനായി എല്ലാ വാഗ്ദാനങ്ങളും ഞാന്‍ തിരിച്ചെടുത്തു.
ഡിസ്ചാര്‍ജു ചെയ്തപ്പോള്‍ നിന്നെ അറിയിക്കാതിരുന്നത് മനപ്പൂര്‍വ്വമായിരുന്നു.ഹോസ്പിറ്റലുകളില്‍ നിന്നും ഹോസ്പ്പിറ്റലുകളിലേക്ക് ഒരു പരീക്ഷണ വസ്തുവായി ഞാന്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ...കാലം നമ്മെ അകറ്റുകയായിരുന്നു....അല്ലെങ്കിലും മറക്കാനാവാത്ത സമ്മാനങ്ങളൊന്നും ഞാന്‍ നിനക്ക്
നല്കിയിട്ടില്ലല്ലോ!!!
എന്നാലും എനിക്ക് നിന്നെ മറക്കാനാവില്ല രജനി...എന്നെ കുറിച്ചു നീ ഓര്‍ക്കാറുണ്ടോ? കാലം നിന്നില്‍ നടത്തിയ മിനുക്ക്‌ പണികളാണ്‌ എന്നെ സംശയാലു
ആക്കുന്നത്.കാലത്തിന്‍റെ കുത്തിഒഴുക്കില്‍ നീ ഏത് കരയിലാണ് കയറിപ്പറ്റിയത്?ഇരുട്ട് കട്ടപിടിച്ച ഏതോ ഒരു നാലുകെട്ടിലെ അന്തപുരത്തില്‍ സാളഗ്രാമത്തിന്‍റെ ദാസ്സിയായി കഴിയാന്‍ നിനക്കവില്ലല്ലോ!! സൌന്ദര്യത്തിന്റെ ലഹരിയില്‍ ആഡംബരത്തില്‍ പൊതിഞ്ഞ ഒരു കാഴ്ച്ച വസ്ത്തുവായി നിന്നെ
സങ്കല്പിക്കാന്‍ പോലും എനിക്കാവില്ല.
നീ ആത്ത്നകളുടെ അടിമയാവാതെ ...അപസ്വരങ്ങളുടെ തമ്പുരു ആകാതെ ...സംത്രുപ്തയായ ഒരു കുടുംപിനിയായി കഴിയുന്നു എന്ന് അറിഞ്ഞാല്‍ മാത്രം മതി എനിക്ക്.
വരണ്ട മണ്ണിലേക്ക് ഇടവപ്പാതിയിലെ കുളിര്‍മഴ പെയ്തിരിക്കാം...നനഞ്ഞ മണ്ണില്‍ വിത്തുകള്‍ എളുപ്പം മുളച്ചിരിക്കാം...അതിലൊന്നും എനിക്ക് പരാതി
ഇല്ല.....
സത്യത്തില്‍ ഞാന്‍ അഹങ്കരിച്ചിരുന്നു .കന്യാകുമാരിയില്‍ നമ്മള്‍ ഒരുമിച്ചിരുന്നു അസ്തമയം കണ്ടപ്പോള്‍...പിന്നെ ആറാട്ട്‌ ദിവസ്സം ദേവിയുടെ മുന്‍പില്‍ നമ്മളൊരുമിച്ച്ചു കൈ കൂപ്പി നിന്നപ്പോള്‍ ..അങ്ങിനെ എത്ര എത്ര മുഹുര്‍ത്തങ്ങള്‍ ...
"രജനി എന്റെതാണ്..എന്റേത് മാത്രം"
"ഈ സായാന്ഹം നമുക്ക് വേണ്ടിയായിരിക്കാം"
"അസ്തമയ സൂര്യന്‍ ഇന്ന് കൂടുതല്‍ സുന്ദരനായിരിക്കുന്നു അല്ലെ?
അന്ന് സൂര്യന്‍ അസ്തമിച്ച്ചത് നമുക്ക് വേണ്ടി ആയിരുന്നു.പിന്നീട് എത്രയെത്ര സൂര്യാസ്തമയങ്ങള്‍ കഴിഞ്ഞു!!!!
ഇന്ന്...തുറന്നിട്ട ഈ ജനല്‍ പാളികള്‍ക്കരികില്‍ .......ചലനമറ്റ ശരീരത്തിന്‍റെ കാവല്‍ക്കാരനായി...കൂരിരുട്ടില്‍ ഒരു മിന്നാമിനുങ്ങിന്‍റെ ഇത്തിരി വെട്ടത്തിന്
മോഹിച്ചു..ഇളം കാറ്റില്‍ കുമ്മിയടിക്കുന്ന തെങ്ങോലകളുടെ ശബ്ദവും കേട്ട് ..അനന്തതയില്‍ നിന്നും ഓടി അടുത്തു അകലങ്ങളില്‍ മറയുന്ന തീവണ്ടികളുടെ
ചൂളം വിളിക്ക് കാതോര്‍ത്ത് ...വല്ലപ്പോഴും ഉയിര്‍ത്തു എഴുന്നേല്‍ക്കുന്ന സ്മരണകളുടെ മധുരവും നുകര്‍ന്നുകൊണ്ട്...ഈ യാത്രയുടെ അന്ത്യത്തിലേക്ക് കടന്നിരിക്കയാണ് ഞാന്‍
.......ഇനി ഒരിക്കലും നമ്മള്‍ കണ്ടു മുട്ടാതിരിക്കട്ടെ.....
മനസ്സിന്‍റെ ദുഃഖം മാറ്റാന്‍ മരുന്നുകൾക്കാവില്ല കുട്ടീ.....വിട ..വിട ..വിട


2012 ഏപ്രിൽ 7, ശനിയാഴ്‌ച

മടക്കയാത്ര

"യുവര്‍ അറ്റന്‍ഷന്‍ പ്ലീസ് ...ഇന്ത്യന്‍ എയര്‍ലയിന്‍സ് ഫ്ല്യറ്റ് നമ്പര്‍ ....കാലികറ്റ് -ഷാര്‍ജ".....അതായിരുന്നു എനിക്ക് പോകേണ്ടിയിരുന്ന വിമാനം.നേരത്തെ ഒരു
മണിക്കൂര്‍ വൈകുമെന്ന് അറിഞ്ഞപ്പോള്‍ അല്‍പ്പം സന്തോഷിച്ചതായിരുന്നു .സഹയാത്രികര്‍ നീങ്ങി തുടങ്ങിയപ്പോള്‍ എന്‍റെ കൈ വിരലുകളില്‍ മുറുകെ പിടിച്ചിരുന്ന
കൊച്ചുമോനെയും ,അരയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന നാലാം ക്ലാസ്സുകാരിയെയും ശ്രദ്ധിച്ചു.തൊട്ടടുത്തു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യ.അകലെ മാറി
നിന്ന് കുശലം പറഞ്ഞിരുന്ന സുഹൃത്തുക്കള്‍ ,ബന്ധുക്കള്‍ എല്ലാവരും അടുത്തെത്തി .യാത്ര പറഞ്ഞു നീങ്ങിയപ്പോള്‍ പിടി വിടാതെ കൊച്ചുമോനും കൂടെയുണ്ട് .
അകത്തേക്കുള്ള വാതില്‍ തുറക്കുന്നതിനുമുന്പു  അവന്‍ ഒരു സ്വകാര്യം പറഞ്ഞു "അച്ഛന്‍ പോണ്ട ...ച്ച്‌ ശങ്കടാവും ...
അതുവരെ സംഭരിച്ചു വെച്ചിരുന്ന ശക്തിയെല്ലാം ചോര്‍ന്നുപോയപോലെ.എങ്കിലും വാക്കുകള്‍ വിതുംബാതെ നിയന്ത്രിച്ചു.
"മോന്‍ നല്ലകുട്ടി ആയിരിക്കണം ...നന്നായി പഠിക്കണം.....അച്ഛനു ഒരുമ്മ താ"
അവന്‍ പൊട്ടികരയുന്നതിന്നുമുന്പ്‌  അകത്തു കയറി.
വിമാനത്തിന്‍റെ വിന്‍ഡോ സീറ്റില്‍ ഇരുന്നു വിസിറ്റെസ്  ലോഞ്ചിലേക്ക് നോക്കി ..അവിടെ കൈ വീശിക്കൊണ്ടിരുന്നവരുടെ കൂട്ടത്തില്‍ അവരും ഉണ്ടായിരുന്നു .
മേങ്ങളെ കീറി മുറിച്ചു മുന്നോട്ടു കുതിക്കുന്ന വിമാനത്തില്‍ ഞാന്‍ കണ്ണടച്ചിരുന്നു...മനസ്സില്‍ കൊച്ചുമോന്‍ പറഞ്ഞ വാക്കുകള്‍ കുത്തി നോവിക്കുകയായിരുന്നു.
കഴിഞ്ഞു പോയ മുപ്പതു ദിനരാത്രങ്ങള്‍ക്ക് ഒരു മിന്നല്‍പിരിന്‍റെ ആയുസ്സേ തോന്നിയുള്ളൂ ..വീണ്ടും മറ്റൊരു ഒറ്റപ്പെടലിന്‍റെ ലോകത്തേക്ക് ...ഇനിയും എത്ര നാള്‍ കഴിയണം പ്രിയപ്പെട്ടവരോടൊപ്പം ചേരാന്‍ ..മനസ്സ് മറ്റൊരു മടക്കയാത്രക്ക്‌ ഒരുങ്ങുകയാണ് ....."അച്ഛന്‍ പോണ്ട   ച്ച്‌ ശങ്കടാവും .......