ഇന്ന് അദ്ധ്യാപക ദിനം
എല്ലാ ഗുരുക്കന്മാര്ക്കും എന്റെ പ്രണാമം
അറിവിന്റെ അമൃത് തലമുറകള്‍ക്ക് പകര്‍ന്നു കൊടുത്ത വന്ദ്യ വയോധികനായ ഗംഗാധരന് മാഷ്.
ജീവിതത്തിന്റെ സായം സന്ധ്യയില്‍ ഒറ്റപ്പെട്ടുപോയ മാഷിന് ഇന്ന് കൂട്ട് അക്ഷരങ്ങളും മങ്ങല്‍ ഏല്‍ക്കാത്ത ഓര്‍മ്മകളും പിന്നെ ഒരു ചാര് കസേരയും മാത്രം. മാഷിന്റെ ഓര്‍മ്മകളിലൂടെ ഒരു ചെറു യാത്ര.
.
(കാലത്തിന്റെ യവനികക്ക് പിറകില്‍ മറഞ്ഞിരിക്കുന്നവരും...ഇപ്പുറത്ത് അക്ഷരങ്ങളിലൂടെ ഒരു പുത്തന്‍ തലമുറയെ ഒരുക്കിയെടുക്കാന്‍ പാട് പെടുന്നവരുമായ എല്ലാ ഗുരുക്കന്മാര്ക്കുമായി എന്റെ ഈ കവിത സമര്‍പ്പിക്കുന്നു.....
പിന്നെ....നമ്മുടെ ഗ്രൂപ്പിലെ പ്രിയപ്പെട്ട അദ്ധ്യാപകർക്കും.
മംഗളാശംസകള്‍
കൈപ്പറ്റി മംഗല്യെ നിന് കല്യാണക്കുറിയിപ്പോള്‍
ഓര്‍ത്തു ഞാന്‍ പണ്ടത്തെയാ വായാടി പ്പെണ്‍കുട്ടിയെ
കയ്യില്‍ പുസ്ത്തക ക്കെട്ടും കുടയും കാലില്‍
കിലുങ്ങും പാദസ്സരം കിലുക്കി ക്കൊണ്ടോട്ടവും...
വഴിയില്‍ കാണുന്നോരോ അപ്പയും കുറുന്തോട്ടി
കൂട്ടവും നിനക്കന്നു കൂട്ടുകാര്‍ സംസാരിപ്പാന്‍
എല്‍പ്പിയും യുപ്പിയും കഴിഞ്ഞെട്ടില് നീ ചേരും മുന്‍പേ
പെന്ഷനായ് പിരിഞ്ഞു ഞാന്‍ ഹെഡ്മാസ്റ്ററായി തന്നെ
പിന്നെ പത്തിലെ പരീക്ഷയില്‍ റാങ്ക് നീ പങ്കിട്ടതും
പത്രത്തില്‍ ചിരിക്കുന്ന പടം കണ്ടറിഞ്ഞു ഞാന്‍
ഓര്‍മ്മകള്‍ ഓളങ്ങളായ് ഹൃത്തില്‍ വന്നണയുന്നു
ഓരോരോ മുഖങ്ങളും മനസ്സില്‍ തെളിയുന്നു.
ഐ.എ.എസ്സ്.പരീക്ഷയില്‍ ഒന്നാമതായോരെത്ര
അതൃത്തിയില്‍ ഭാരതത്തിന് മണ്ണ് കാത്തിരിപ്പോരും
ഗവര്‍ണ്ണരും അമ്പാസ്സടറും കമ്പ്യുട്ടര്‍ വിദഗ്ദ്ധരും
ഗള്‍ഫിലും യൂറോപ്പിലും ഉന്നത സ്ഥാനീയരായ്
എണ്ണിയാലൊടുങ്ങാത്ത ശിഷ്യ ഗണങ്ങളെല്ലാം
നമ്മുടെ നാട്ടിലെങ്ങും പുകള്പെറ്റിരിപ്പോരായ്
റിട്ടയര്‍ ചെയ്തിട്ടിപ്പോ വര്‍ഷം പലതെണ്ണി തീര്‍ന്നു
"സ്വസതമായ് കാലത്തിന്റെ കുളമ്പടി കാതോര്‍ക്കുന്നു..."
ദേവകി ടീച്ചറോടോത്തു ജീവിച്ചു മതിയായില്ലാ...
മാഷിനെ തനിച്ചാക്കി യാത്രയായ് തൊണ്ണൂറ്റഞ്ചില്‍
മൈഥിലി മലേഷ്യയില്‍ മക്കളൊരാണും പെണ്ണും
മൂത്തവന് മലയായില്‍ എം.ബി.എ. പഠിക്കുന്നു.
മാലതി നാട്ടില്‍ തന്നെ ടീച്ചറായ് തുടരുന്നു
ഹെഡ് മിസ്ട്രെസ്സായിട്ടിപ്പോ അഞ്ചാറു വര്‍ഷം പോയി
മംഗല്യസൂത്രം കെട്ടി മണവാട്ടിയാകും മുന്‍പേ
മറക്കാതെനിക്കും നീ ക്ഷണിതമയച്ചല്ലോ......
അത്രയും ദൂരത്തേക്കൊരു യാത്ര വയ്യെനിക്കിപ്പോള്
എങ്കിലും നേരുന്നു ഞാന്‍ മംഗളാശംസകള്‍ കുട്ടീ....
"ദീര്‍ഘ സുമംഗലീ ഭവ:"